Latest NewsNewsWorld

ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് വധശിക്ഷ

ഇസ്ലാമാബാദ്: കൊടും ഭീകരന്‍ ഹാഫിസ് സയീദിന്റെ വീടിന് മുന്നില്‍ സ്‌ഫോടനം നടത്തിയ കുറ്റവാളികള്‍ക്ക് വധശിക്ഷ. പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പാക് കോടതിയാണ് കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിച്ചത്. അന്താരാഷ്ട്ര ഭീകരനും ജമാഅത്ത് ഉദ് ധവ നേതാവുമായ ഹാഫിസിനെതിരെ ആക്രമണം നടത്തിയ നാല് പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

സംഘത്തിലുണ്ടായിരുന്ന വനിതയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും വിധിച്ചു. ഹാഫിസ് സയീദിന്റെ ലഹോറിലുള്ള വീടിന് നേരെയാണ് 2021 ജൂണ്‍ 23ന് ആക്രമണം നടന്നത്. സയീദിനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. കാറില്‍ ബോംബ് ഘടിപ്പിച്ച് നടത്തിയ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍ കഴിയുന്ന ഹാഫിസ് സയീദിനെ ലക്ഷ്യം വച്ച് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആക്രമണം നടത്തിയെന്നാണ് പാക് മന്ത്രിമാര്‍ ഉള്‍പ്പെടെ ആരോപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെഹ്‌രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ നേതാവ് ഈദ് ഗുല്‍, പീറ്റര്‍ പോള്‍ ഡേവിഡ്, സാജിദ് ഷാ, സിയാവുള്ള, ആയിഷ ബീബി എന്നിവരെ പാക് പോലീസ് പിടികൂടിയിരുന്നു.

Related Articles

Back to top button