വെട്ടേറ്റ് ഓടിയ സഞ്ജിത്തിനെ പിന്തുടര്‍ന്ന് വീണ്ടും വെട്ടിയെന്ന് പ്രതി
പാലക്കാട്: വിഘടനവാദികളുടെ വെട്ടേറ്റ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ തെളിവെടുപ്പിനായി എത്തിച്ചു. മുഖം മറച്ചാണെങ്കിലും കൃത്യം വിവരിക്കാന്‍ പ്രതിക്ക് യാതൊരു സങ്കോചവുമുണ്ടായില്ല. എവിടെ വച്ചാണ് ആദ്യം വെട്ടിയതെന്ന് പ്രതി പോലീസിന് ചൂണ്ടിക്കാട്ടി നല്‍കി. പിന്നീട് എങ്ങോട്ട് നീങ്ങിയെന്നും സംഭവിച്ച കാര്യങ്ങളും പ്രതി വ്യക്തമായി തന്നെ പോലീസിനോട് വിവരിച്ചു.
കാറിന്റെ പുറകിലേക്കാണോ വശത്തേക്കാണോ വലിച്ച് മാറ്റിയതെന്നതടക്കം പോലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നുണ്ടായിരുന്നു. കൃത്യമായി തന്നെ പ്രതി ഉത്തരം നല്‍കി. സഞ്ജിത്തിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വെട്ടിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ആദ്യം വെട്ടുകൊണ്ട സഞ്ജിത്ത് രണ്ടു മീറ്ററിലധികം കുതറി മാറി. ഇതോടെ സഞ്ജിത്തിനെ പിന്തുടര്‍ന്ന് വെട്ടിയെന്നും പ്രതി തെളിവെടുപ്പില്‍ പറഞ്ഞു. സംഭവസമയത്ത് വഴിയുടെ ഇരുഭാഗത്തുമുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.
തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാനുള്ളതിനാല്‍ പേരും മേല്‍വിലാസവും പുറത്തുവിടാനാവില്ലെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ സ്ഥലവും എങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും കൃത്യമായി പ്രതി വിവരിച്ചു. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടാം ദിവസമായ ഇന്നലെയാണ് കേസിലെ നിര്‍ണായക അറസ്റ്റ് ഉണ്ടായത്.
ഈ അറസ്റ്റിന് മുമ്പ് കൊതപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നഇന്നലെ മുണ്ടക്കയത്തുനിന്ന് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുന്‍പാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.
സുബൈറിന് താമസിക്കാനായി എടുത്തുനല്‍കിയ വാടകക്കെട്ടിടത്തിലായിരുന്നു മറ്റു രണ്ടുപേരും ഉണ്ടായിരുന്നത്. ഇവരവിടെ താമസിച്ചത് ബേക്കറിയുടമ അറിഞ്ഞിരുന്നില്ല. മൂന്നുപേര്‍ക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങള്‍ പോലീസിനിയും പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക.