രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്
NewsNationalPolitics

രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പോലീസിന്റെ നോട്ടീസ്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ നല്‍കാനാവശ്യപ്പെട്ടാണ് നോട്ടീസ്. ജനുവരിയില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്.

കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. യാത്രയ്ക്കിടെ ശ്രീനഗറില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഗാന്ധി, രാജ്യത്ത് സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതിനെക്കുറിച്ച് സംസാരിച്ചു. ‘ഞാന്‍ നടന്നുപോകുമ്പോള്‍, ഒരുപാട് സ്ത്രീകള്‍ കരയുന്നുണ്ടായിരുന്നു… അവരില്‍ ചിലര്‍ എന്നെ കണ്ടപ്പോള്‍ വികാരാധീനരായി. തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടു, പീഡിപ്പിക്കപ്പെട്ടുവെന്ന് എന്നോട് പറഞ്ഞ സ്ത്രീകള്‍ ഉണ്ടായിരുന്നു.

ബന്ധുക്കളും പരിചയക്കാരുമാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പോലീസിനെ അറിയിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാനറിയണമെന്നേ അവര്‍ കരുതിയുള്ളൂ എന്നു പറഞ്ഞു. കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞതിനാല്‍ പോലീസിനെ അറിയിക്കാന്‍ അവര്‍ തയ്യാറായില്ല” എന്നാണ് രാഹുല്‍ പറഞ്ഞത്.

Related Articles

Post Your Comments

Back to top button