ആര്‍ത്തവ അവധി വേണമെന്ന് ആവശ്യം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
NewsNational

ആര്‍ത്തവ അവധി വേണമെന്ന് ആവശ്യം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ന്യൂഡല്‍ഹി: ആര്‍ത്തവ സമയത്ത് അവധി വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ആര്‍ത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനയ്ക്ക് തുല്യമാണെന്നും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ പഠനത്തെ ഉദ്ധരിച്ച് ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റര്‍, ഇന്‍ഡസ്ട്രി, എആര്‍സി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങള്‍ ശമ്പളത്തോട് കൂടിയ ആര്‍ത്തവ അവധി സ്ത്രീകള്‍ക്ക് അനുവദിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദന ക്ഷമത കുറയ്ക്കും. ഇത് ജോലിയെ ബാധിക്കും. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ കൂടി സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആര്‍ട്ടിക്കിള്‍ 14 പ്രകാരം അത് തുല്യതയുടെ അവകാശലംഘനമാണെന്നും ഹര്‍ജിക്കാരി വാദിച്ചു.

Related Articles

Post Your Comments

Back to top button