ചികിത്സ നിഷേധം, ഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ.

മലപ്പുറം: പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ആവശ്യപ്പെട്ടു.
സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എന്‍.രാജന്‍ കോബ്രഗേഡിന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഇത് സംബന്ധിച്ചു കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി ദേശീയ വനിതാ കമ്മീഷനില്‍ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും, ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വനിതാ കമ്മീഷന്‍ കത്തിൽ പറഞ്ഞിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് യുവതിക്ക് ചികിത്സ നിഷേധിച്ചതായി കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തിയതായി കത്തില്‍ പറഞ്ഞിരിക്കുന്നു.
എന്‍.സി മുഹമ്മദ് ഷെരീഫ് – സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ല. തുടർന്നാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്.