ശബരിമല തീര്‍ഥാടകര്‍ക്ക് വിഷമപാതയൊരുക്കി ദേവസ്വം ബോര്‍ഡ്: നീലിമല പാതയിലെ പടിക്കെട്ടുകള്‍ ഇളക്കിമാറ്റി കല്ല് വിരിച്ചു
NewsKerala

ശബരിമല തീര്‍ഥാടകര്‍ക്ക് വിഷമപാതയൊരുക്കി ദേവസ്വം ബോര്‍ഡ്: നീലിമല പാതയിലെ പടിക്കെട്ടുകള്‍ ഇളക്കിമാറ്റി കല്ല് വിരിച്ചു

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് വിഷമപാത തീര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഗൂര്‍ഖ ജീപ്പ് ആംബുലന്‍സുകള്‍ക്കായി നീലമല പാതയില്‍ കല്ല് വിരിച്ചതോടെ ശബരിമല യാത്ര ഭക്തര്‍ക്ക് കൂടുതല്‍ ദുഷ്‌കരമായി തീരുകയാണ്. പരമ്പരാഗത പാതയിലെ പടിക്കെട്ടുകള്‍ മുഴുവന്‍ ഇളക്കിമാറ്റിയശേഷമാണ് പമ്പ മുതല്‍ ശരംകുത്തിവരെ മൂന്നര കിലോമീറ്റര്‍ ദൂരം രണ്ടടി വീതിയില്‍ കല്ല് പാകിയിരിക്കുന്നത്.

പ്രതലം പരുക്കനല്ലാത്തതിനാല്‍ മല കയറ്റം ബുദ്ധിമുട്ടാകും. വഴുതി വീഴാന്‍ സാധ്യതയും കൂടുതലാണ്. അടിയന്തരഘട്ടങ്ങളില്‍ നീലിമല, അപ്പാച്ചിമേട് പാതയില്‍ ഫോഴ്സ് ഗൂര്‍ഖ ജീപ്പ് ആംബുലന്‍സുകള്‍ക്ക് സൗകര്യമൊരുക്കാനാണ് ഭക്തര്‍ക്ക് ആശ്വാസമേകിയിരുന്ന പടിക്കെട്ടുകള്‍ ഒഴിവാക്കിയത്. നിലവില്‍ നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകളുണ്ട്. ട്രാക്റ്ററുകളും ഗൂര്‍ഖ ജീപ്പുകളും സന്നിധാനത്തെത്തിയിരുന്നത് സ്വാമി അയ്യപ്പന്‍ റോഡിലൂടെയും ചന്ദ്രാനന്ദന്‍ റോഡിലൂടെയുമാണ്.

കുത്തനെയുള്ള നീലിമല- അപ്പാച്ചിമേട് പാതയില്‍ തിരക്കുള്ള സമയത്ത് ജീപ്പ് ഓടിക്കുന്നത് സാഹസികമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രാചാരസംരക്ഷണസമിതി പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ ദേവസ്വം മന്ത്രിക്ക് കത്ത് നല്‍കി. ശബരിമല ആറാട്ടിന് പമ്പയിലേക്കുള്ള എഴുന്നള്ളിപ്പ് ആനപ്പുറത്താണ്. കല്ലുപാകിയ പാതയിലൂടെ മലയിറങ്ങാന്‍ ആനയ്ക്കു കഴിയില്ലെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സന്നിധാനത്തേക്ക് സാധനങ്ങള്‍ എത്തിക്കാനും മറ്റും റോപ് വേ പരിഗണനയിലാണ്. വനംവകുപ്പിന്റെ അനുവാദം ഉടന്‍ ലഭിക്കുമെന്നാണ് സൂചന. അടിയന്തരഘട്ടത്തില്‍ സന്നിധാനത്ത് നിന്ന് ഭക്തരെ പമ്പയിലെത്തിക്കാനും റോപ് വേ ഉപകരിക്കും. എന്നാല്‍ പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ റോപ് വേയ്ക്ക് സ്റ്റേഷന്‍ പോയിന്റ് ഇല്ലാത്തതിനാലാണ് ഗൂര്‍ഖ ജീപ്പ് ആംബുലന്‍സായി ഓടിക്കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചിലവഴിച്ചാണ് കല്ലുപാകുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button