ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ഭക്തർക്ക് വീണ്ടും ദർശനം, വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും.

തൃശ്ശൂര്‍ / ജീവനക്കാര്‍ കൊറോണ വൈറസ് ബാധിതരായതിനെ തുടർന്ന് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ ഭക്തർക്ക് വീണ്ടും ദർശനം അനുവദിക്കാൻ തീരുമാനം. വെര്‍ച്വല്‍ ക്യൂ വഴി 3000 പേരെയാണ് അനുവദിക്കുന്നത്. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതി നൽകി. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കി. ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിന് ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം തുറക്കാൻ തീരുമാനിച്ചത്. കളക്ടറുടെ തീരുമാനം വന്നാലുടന്‍ പ്രവേശന തീയതി തീരുമാനിക്കും.
ഭക്തര്‍ക്ക് വിലക്കുണ്ടെങ്കിലും പൂജകള്‍ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുകയുണ്ടായത്. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നീ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ നടത്തുക. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇനിയും രോഗബാധ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിന് ഗുരുവായൂർ ദേവസ്വം പ്രത്യേക സംഘത്തെ നിയോഗിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്ഷേത്ര കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്.