ആത്മഹത്യ ശ്രമത്തിനിടെ പോലീസിന്റെ ഇടപെടൽ മൂലം ദമ്പതികൾ തീകത്തി മരണപ്പെടാനിടയാക്കിയ സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്.

തിരുവനന്തപുരം / നെയ്യാറ്റിൻകരയിൽ ആത്മഹത്യ ശ്രമത്തിനിടെ പോലീസിന്റെ ഇടപെടൽ മൂലം ദമ്പതികൾ തീകത്തി മരണപ്പെടാനിടയാക്കിയ സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്. തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകന് ആണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഡി.ജി.പിയുടെ നടപടി. കോടതി ഉത്തരവ് പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടം കോളനിക്കു സമീപം താമസിക്കുന്ന രാജൻ കുടിയൊഴിപ്പിക്കൽ തടയാനായി ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് രാജൻ ഭാര്യയെ ചേർത്തു പിടിച്ചു ലൈറ്റർ കത്തിച്ചത്. ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നു പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ദമ്പതികൾ മരണപ്പെടുന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിച്ചുവന്നിരുന്നത്. തിങ്കളാഴ്ച രാവിലെ രാജനും രാത്രിയിൽ ഭാര്യ അമ്പിളിയും മാറപ്പെടുകയായിരുന്നു. ഡിസംബർ 22നാണ് സംഭവം നടന്നത്.