CrimeGulfKerala NewsLatest NewsLocal NewsNews

തിരുവനന്തപുരം സ്വർണക്കടത്ത് സംഘത്തിൽപ്പെട്ടവർ ഇന്ത്യയുടെ നിർണായക ബഹിരാകാശ രഹസ്യങ്ങളും ചോർത്തിയോ?, സർക്കാരിനെ വെട്ടിലാക്കി സി പി ഐയുടെ ജനയുഗം.

തിരുവനന്തപുരം യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് സംഘത്തിൽപ്പെട്ടവർ ഇന്ത്യയുടെ നിർണായക ബഹിരാകാശ രഹസ്യങ്ങളും ചോർത്തിയാതായി സർക്കാരിനെതിരെ ഗുരുതരമായ ആരോപണവുമായി സി പി ഐ യുടെ മുഖ പത്രമായ ജനയുഗത്തിന്റെ റിപ്പോർട്ട്. സസ്പെൻഷനിലുള്ള എം ശിവശങ്കറും സ്വപ്നാ സുരേഷും ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് നിരന്തരം സന്ദർശനം നടത്തിയിട്ടുണ്ടെന്നും, ഇത് ഗൂഢോദ്ദേശത്തോടുകൂടിയാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ടെന്നും ജനയുഗം പറയുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി കൊണ്ടും, വെട്ടിലാക്കികൊണ്ടും സർക്കാരിന്റെ തന്നെ ഭാഗമായ സി പി ഐ യുടെ മുഖപത്രത്തിൽ ദുബായിൽ നിന്ന് ഈ വാർത്ത കെ രംഗനാഥ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ സൂപ്പർ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആന്റ് അനാലിസിസ് വിങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇതു സംബന്ധിച്ചു കണ്ടെത്തിയ വിവരങ്ങൾ എൻഐഎയ്ക്ക് കെെമാറി. ഇതേത്തുടർന്ന് എൻഐഎയുടെ ഒരു പുതിയ അഞ്ചംഗസംഘം അന്വേഷണത്തിനായി ദുബൈയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു എസ്‌പിയടക്കം രണ്ടംഗ എൻഐഎ സംഘം സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി ഫാരിസ് ഫെെസൽ, റബിൻസ്-റജിൻസ് സഹോദരന്മാർ, അലവി എന്നിവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞ കുറേ ദിവസമായി ഇവിടെ ദുബൈയിൽ തമ്പടിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ നിരന്തര സന്ദർശനങ്ങൾക്കിടെ, എം ശിവശങ്കറും സ്വപ്നാ സുരേഷും ഐഎസ്ആർഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎൽ റോഡിലെ ഒരു നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ചകൾ നടത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു തെളിവ് ലഭിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ സ്പേസ് പാർക്ക് പദ്ധതിക്ക് ശിവശങ്കറും ഐഎസ്ആർഒയ്ക്ക് വേണ്ടി എസ് സോമനാഥും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്നാണ് പത്താംക്ലാസുകാരിയായ സ്വപ്നയെ സ്പേസ്‌പാർക്ക് കൺസൾട്ടന്റായി രണ്ടര ലക്ഷത്തോളം രൂപ പ്രതിമാസ ശമ്പളത്തിൽ നിയമിച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേയ്ക്ക് നടത്തിയ സന്ദർശനങ്ങൾക്കിടെ ബഹിരാകാശ രഹസ്യങ്ങൾ ചോർന്നുവെന്നാണ് എൻഐഎയ്ക്കും റോയ്ക്കും കേന്ദ്ര ഇന്റലിജൻസ് ഏജൻസിക്കും തെളിവുകൾ ലഭിച്ചതെന്നും ജനയുഗത്തിന്റെ വാർത്ത പറയുന്നു.

വിവിധ ബഹിരാകാശ പ്രതിരോധ ഗവേഷണ രേഖകൾ ചോർന്നുവെന്ന് അനുമാനിക്കുന്ന തെളിവുകളുമായാണ് പുതിയ എൻഐഎ അന്വേഷണസംഘം ദുബെെയിൽ എത്തിയിട്ടുള്ളത്. ഐഎസ്ആർഒ ആസ്ഥാനം സ്ഥിതിചെയ്യുന്ന ബംഗളൂരുവിലെ അന്തരീക്ഷ ഭവനു സമീപത്ത് ബിഇഎൽ റോഡിലുള്ള ഒരു നക്ഷത്ര ഹോട്ടലിലാണ് ശിവശങ്കറും സ്വപ്നയും സ്ഥിരമായി താമസിച്ചിരുന്നത്. ഇവിടെ ഐഎസ്ആർഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സെെനിക അറ്റാഷേമാരും ചർച്ചകൾ നടത്തിയതിന്റെ തെളിവുകളും ദുബെെയിലെത്തിയ എൻഐഎ സംഘം കൊണ്ടുവന്നിട്ടുണ്ടെന്നും ജനയുഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ചാരവൃത്തി സ്വര്ണക്കടത്തുമായി ബന്ധപെട്ടു നടന്നിരുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ സംശയിക്കുന്നതായ റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നതാണ്. ഐഎസ്ആർഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയിസ് പാർക്കിൽ ഉന്നത പദവിയിൽ സ്വപ്ന നിയമിത ആയതിനു പിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾ ഉണ്ടെന്ന് എൻ ഐ എ നേരത്തെ സംശയിച്ചിരുന്നു. കോവളത്ത് സർക്കാർ നടത്തിയ സ്‌പേസ് കോൺക്‌ളേവിന്റെ മുഖ്യസംഘാടകയായി സ്വപ്‌ന മാറിയത് യാദൃച്ഛികമല്ലന്ന വിലയിരുത്തലിലാണ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഉണ്ടായിരുന്നത്.

യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഉന്നത പദവി വഹിച്ചിരുന്ന റഷീദ് ഖാമിസ് അൽ ഷെമിലി പരിപാടിയിൽ അതിഥിയായി പങ്കെടുത്തിരുന്നു. കോൺകളേവിൽ ഉന്നത ശാസ്ത്രജ്ഞർ പങ്കെടുത്തിരുന്നു. ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിൽ വൻ സ്വർണക്കടത്ത് ലക്ഷ്യം മാത്രമായിരുന്നോ ലക്ഷ്യം എന്ന അന്വേഷണമാണ് സ്വർണ്ണ കള്ളക്കടത്തുകാർക്ക് ശാസ്ത്ര കുതുകികളുമായുള്ള ബന്ധത്തിലേക്ക് അന്വേഷണത്തെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്. വി എസ് എസ് സി മുൻ ഡയറക്ടർ എം സി ദത്തന് ഉപഹാരം നൽകിയത് സ്വപ്‌നയാണ്. ദത്തനെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനാക്കിയതിനു പിന്നിലും ഗൂഡലക്ഷ്യം ഉണ്ടായിരുന്നോ എന്നതും രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിച്ചു വരുകയായിരുന്നു. ഐടി മിഷനിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപെടലുകൾ നടന്നതായി ചില സൂചനകാലുണ്ടായിരുന്നു. കേസിൽ കസ്റ്റംസ്, സിബിഐ, എൻഐഎ എന്നീ ഏജൻസി കളുടെ ത്രിതല അന്വേഷണം ആണ് നടന്നു വരുന്നത്. സ്വർണക്കടത്ത് കസ്റ്റംസ് ആണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷണം സിബിഐ ആണ് നടത്തുന്നത്. രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങൾ എൻഐഎയും അന്വേഷിക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക അന്വേഷണ വിവരങ്ങളും കൈമാറാൻ കസ്റ്റംസിനോട് സിബിഐയും എൻഐഎയും ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വപ്നയ്ക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button