എപ്പോഴും ക്ഷീണമനുഭവിക്കുന്നവര്‍ പാലിക്കേണ്ട ഭക്ഷണ ക്രമം
Life StyleHealth

എപ്പോഴും ക്ഷീണമനുഭവിക്കുന്നവര്‍ പാലിക്കേണ്ട ഭക്ഷണ ക്രമം

നിത്യജീവിതത്തില്‍ പലകാരണങ്ങള്‍ കൊണ്ട് ക്ഷീണം അനുഭവിക്കുന്നവരാണ് നമ്മള്‍. കുറച്ചധികം ജോലിയോ ദീര്‍ഘദൂര യാത്രകളോ, ഉറക്കമില്ലായ്മയോ ക്ഷീണത്തിന് കാരണമാണ്. ഇതില്‍ പ്രധാന കാരണം ഭക്ഷണത്തില്‍ നിന്നും ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാത്തതാണ് കാരണം.അത്തരക്കാര്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍.

ചീര: പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, അയണ്‍, പൊട്ടാസ്യം, കാത്സ്യം, തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. ക്ഷീണം മാറാന്‍ സഹായിക്കുന്ന ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചീര ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഒരു കപ്പ് ചീര വേവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നേന്ത്രപ്പഴം: പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഭക്ഷണമാണ് പഴം. സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരകളും പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഊര്‍ജ്ജത്തിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സും പഴത്തില്‍ ധാരാളമുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴം കഴിക്കുന്നത് നല്ലതാണ്.

ബീറ്റ്‌റൂട്ട്: ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ് ബീറ്റ്‌റൂട്ട്. കൂടാതെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കോശങ്ങളുടെ ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്ന നൈട്രേറ്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മസംരക്ഷണത്തിനും ബീറ്റ്‌റൂട്ട് ഏറേ സഹായിക്കും. ചര്‍മ്മത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട വിറ്റാമിന്‍ സി ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.

ഇന്തപ്പഴം: ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിച്ചാല്‍ ശരീരത്തിന്റെ ഊര്‍ജ്ജനില നിലനിര്‍ത്താന്‍ സഹായിക്കും. പാന്റോത്തെനിക് ആസിഡ്, ഫോളേറ്റ്, നിയാസിന്‍ പോലുള്ള ബി വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുന്നു.

മുട്ട: പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വൈറ്റമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഓരോ മുട്ട കഴിക്കുന്നതും നല്ലതാണ്.

എന്നാല്‍ പെട്ടന്നുണ്ടാകുന്ന ക്ഷീണം മറ്റ് പല രോഗങ്ങളുടെയും കാരണമാകാന്‍ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ പെട്ടന്നുണ്ടാകുന്ന ക്ഷീണത്തിന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

Related Articles

Post Your Comments

Back to top button