കേരളത്തില്‍ വിദൂരവിദ്യാഭ്യാസം അനിശ്ചിതത്വത്തില്‍
കൊച്ചി: സര്‍ക്കാരിന്റെ അനാസ്ഥമൂലം തുടര്‍പഠനം അനിശ്ചിതത്വത്തിലായി ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍. കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഇതുവരെ യുജിസി അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തുടര്‍പഠനത്തിന് അയല്‍ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വന്നപ്പോള്‍ മറ്റു സര്‍വകലാശാലകള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെയോ പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയോ ഉള്ള പഠന കോഴ്സുകള്‍ നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. അതിനാല്‍ സര്‍വകലാശാലകള്‍ക്ക് വിദൂരവിദ്യാഭ്യാസം നടത്തുന്നതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാനായില്ല. മാത്രമല്ല ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്ക് യുജിസിയുടെ അംഗീകാരം ലഭിച്ചതുമില്ല. അതിനാല്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങാനായില്ല.
തുടര്‍ന്ന് സമാന്തര വിദ്യാഭ്യാസം നിലവിലുണ്ടായിരുന്നതുപോലെ അഫിലിയേറ്റിങ് സര്‍വകലാശാലകളെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഇതിനുശേഷമാണ് യുജിസി അംഗീകാരത്തിനായി കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ അപേക്ഷ നല്‍കിയത്. സാധാരണയായി ഒക്ടോബറിലാണ് വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ നോട്ടിഫിക്കേഷന്‍ വരുന്നത്. എന്നാല്‍ മാത്രമേ അക്കാഡമിക് വര്‍ഷം പൂര്‍ത്തിയാക്കാനാവൂ. ഇതിനു മുന്‍പ് യുജിസിക്ക് നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാന്‍. അതിനുവേണ്ട പരിശോധനകള്‍ക്കായി യുജിസി പ്രത്യേക സംഘം സര്‍വകലാശാലയില്‍ എത്തുന്ന വിഷയം പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇതിനെല്ലാം പുറമെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര സൗകര്യമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുണ്ട്. കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്ന് പ്രതിവര്‍ഷം ഒന്നരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വിദൂരവിദ്യാഭ്യാസ പഠനം വഴി ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നത്. കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ വിഭാഗം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ കാര്യം പരമദയനീയാവസ്ഥയിലാവും.
ആര്‍ട്‌സ്, കോമേഴ്‌സ്, സയന്‍സ് വിഭാഗങ്ങളില്‍ ഇനി യുജിസി അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ തികച്ചും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കനുസൃതമായി ചെയ്ത സര്‍ക്കാരാണ് ഇത്രയും വിദ്യാര്‍ഥികളുടെ ഭാവിയെ ത്രിശങ്കുവിലാക്കിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.