കെഎസ്‌യു ജില്ല സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ചു
NewsKeralaPolitics

കെഎസ്‌യു ജില്ല സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: കെഎസ്‌യു കോഴിക്കോട് ജില്ല സെക്രട്ടറി ഉള്‍പ്പടെ രണ്ട് പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കെഎസ്‌യു കോഴിക്കോട് ജില്ല സെക്രട്ടറി ബുഷര്‍ ജംഹര്‍, ഷിജു എന്ന ടിങ്കു എന്നിവര്‍ക്കെതിരെയാണ് പോലീസ് നടപടി. അടിപിടി, കൊലപാതകശ്രമം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ബുഷര്‍ എന്നാണ് പോലീസ് പറയുന്നത്. വധശ്രമം, കവര്‍ച്ച, ലഹരിക്കടത്ത് കൂടാതെ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതടക്കമുള്ള കേസുകളാണ് ടിങ്കുവിനെതിരെ ചുമത്തിയിരിക്കുന്നത്.

ബുഷറിനെ അറസ്റ്റ് ചെയ്തതിനെതിരെ ജില്ലയിലെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതൃത്വം രംഗത്ത് എത്തി. കെഎസ്‌യു നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് ഡിസിസി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുക ആണെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത് എന്നിവര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

കാപ്പ കുറ്റം ചുമത്തി ജയിലിലടച്ച നടപടി നീതീകരിക്കാനാവാത്തതാണ്. ഇത്തരം നടപടികളില്‍ നിന്നും പോലീസും സര്‍ക്കാറും പിന്മാറണം. ബുഷറിനെതിരെ കാപ്പ ചുമത്തിയ നടപടി ഒഴിവാക്കാന്‍ പോലീസ് അടിയന്തരമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാര്‍ഥിയാണ് ജയിലിലടക്കപ്പെട്ട ബുഷര്‍.

Related Articles

Post Your Comments

Back to top button