കൂടെ നിന്ന് അള്ള് വയ്ക്കരുത്: വിദേശിയെ അവഹേളിച്ചതില്‍ മുഹമ്മദ് റിയാസ്
KeralaNewsTravel

കൂടെ നിന്ന് അള്ള് വയ്ക്കരുത്: വിദേശിയെ അവഹേളിച്ചതില്‍ മുഹമ്മദ് റിയാസ്

കോവളം: പുതുവര്‍ഷ തലേന്ന് മദ്യവുമായി പോയ വിദേശിയെ തടഞ്ഞ് നിര്‍ത്തി അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സര്‍ക്കാരിനൊപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ലന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് സര്‍ക്കാരിന്റെ നയമല്ല. പോലീസിന്റെ ഇത്തരം നടപടികള്‍ ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാകുമെന്നും മന്ത്രി പറഞ്ഞു.

കോവളത്തെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെയാണ് വാഹന പരിശോധനക്കിടയില്‍ പോലീസ് അപമാനിച്ചത്. വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നാണ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് മദ്യം വാങ്ങിയത്. ഇതുമായി ഹോട്ടലിലേക്ക് പോകുന്ന വഴിക്കാണ് പോലീസ് കൈകാണിച്ച് വണ്ടി നിര്‍ത്തിച്ചത്. തുടര്‍ന്ന് ബാഗില്‍ മദ്യമുണ്ടോ എന്നും ഉണ്ടങ്കില്‍ ബില്ല് കാണിക്കണമെന്നും പോലീസ് പറഞ്ഞു. ഇതോടെ സ്റ്റീഫന്‍ ബാഗ് തുറന്ന് മദ്യകുപ്പികള്‍ കാണിച്ചെങ്കിലും ബില്ല് കാണിച്ചില്ല. ഇതോടെ പോലീസ് വീണ്ടും ബില്ല് ആവശ്യപ്പെട്ടതോടെ സ്റ്റിഫന്‍ രണ്ട് മദ്യകുപ്പി തുറന്ന് മദ്യം പാറക്കെട്ടിലേക്ക് ഒഴിച്ചു കളയുകയായിരുന്നു. പോലീസ് തന്നോട് ദേഷ്യത്തില്‍ സംസാരിച്ചതില്‍ മാനസിക ബുദ്ധിമുട്ട് ഉണ്ടായതോടെയാണ് ഇങ്ങനെ ചെയ്തതെന്ന് സ്റ്റീഫന്‍ പറഞ്ഞു.

‘ പോലീസിനെതിരെ നടപടിയെടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. അന്വേഷണത്തിലൂടെ അവര്‍ അത് നടത്തട്ടെ. ഞങ്ങളെ സംബന്ധിച്ച് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നിലപാടല്ല. വളരെ കഷ്ട്‌പ്പെട്ട് കഠിനാധ്വാനം ചെയ്താണ് ഒരോ വിദേശ സഞ്ചാരികളെയും ഇവിടെ എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കോവിഡിന്റെ രൂക്ഷത മാറി ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കപ്പെടണം. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വയ്ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം’ മുഹമ്മദ് റിയാസ് പറഞ്ഞു.

Related Articles

Post Your Comments

Back to top button