ഡിജിപിയുടെ കൊലപാതകത്തില്‍ വീട്ടു ജോലിക്കാരന്‍ അറസ്റ്റില്‍
NewsNational

ഡിജിപിയുടെ കൊലപാതകത്തില്‍ വീട്ടു ജോലിക്കാരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വീട്ടു ജോലിക്കാരന്‍ അറസ്റ്റില്‍. രാംബാണ്‍ സ്വദേശിയായ യാസിര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം കാണാതായ യാസിറിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാള്‍ കഴിഞ്ഞ ആറ് മാസമായി ഡിജിപിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയാണ്.

സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൊല നടത്തിയ ശേഷം യാസിര്‍ ഓടിപ്പോകുന്നത് വ്യക്തമാണെന്നും ഇയാള്‍ വിഷാദ രോഗിയായിരുന്നെന്നും പോലീസ് അറിയിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഡയറിയും പോലീസ് കണ്ടെത്തി. മരണത്തോടുള്ള അഭിനിവേശവും ജീവിതത്തോടുള്ള വിരക്തിയും ചൂണ്ടിക്കാട്ടുന്ന കുറിപ്പുകളാണ് ഡയറിയിലുള്ളത്.

‘പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ’ എന്നാണ് ഒരു പേജില്‍ കുറിച്ചിരിക്കുന്നത്. എന്നോട് ക്ഷമിക്കൂ. എനിക്ക് മോശം ദിവസവും ആഴ്ചയും മാസവും വര്‍ഷവും ജീവിതവുമാണ് എന്നും എന്റെ ജീവിതത്തെ ഞാന്‍ വെറുക്കുന്നു, ജീവിതം വെറും ദുഃഖമാണ് എന്നും എഴുതിയിട്ടുണ്ട്. മെ ലൈഫ് ഒരു ശതമാനം എന്നെഴുതിയ ഫോണ്‍ ബാറ്ററിയുടെ ചിത്രവും ഡയറിയില്‍ വരച്ചിട്ടുണ്ട്. കൂടാതെ ലവ് പൂജ്യം ശതമാനം, ടെന്‍ഷന്‍ 90 ശതമാനം, ദുഃഖം 99 ശതമാനം, കപടമായ ചിരി 100 ശതമാനം എന്നും ഡയറിയിലുണ്ട്.

ഡിജിപിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഇന്ത്യന്‍ ഘടകമായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് (പിഎഎഫ്എഫ്) നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തിന് ഭീകരബന്ധം സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഉദയ്വാലയിലുള്ള സ്വന്തം വീട്ടില്‍ ലോഹ്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ജമ്മു കശ്മീര്‍ ജയില്‍ ഡിജിപിയായി ലോഹ്യ ചുമതലയേറ്റത്.

Related Articles

Post Your Comments

Back to top button