കേരളത്തില്‍ ഇരട്ടനീതിയെന്ന് കെ.സുരേന്ദ്രന്‍
NewsKeralaPolitics

കേരളത്തില്‍ ഇരട്ടനീതിയെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്ക് അയക്കുമെന്ന് പറഞ്ഞ് പരസ്യമായി പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുക്കാതെ പി.സി. ജോര്‍ജിനെ വേട്ടയാടുന്നത് ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചുകുട്ടിയെ കൊണ്ട് മതവിദ്വേഷം പ്രചരിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു നീതിയും തീവ്രവാദികള്‍ക്ക് മറ്റൊരു നീതിയുമെന്നതാണ് കേരളത്തിലെ അവസ്ഥ. പിസിയെ പിണറായി വിജയന്‍ വേട്ടയാടുന്നത് തൃക്കാക്കരയിലെ 20 ശതമാനം വോട്ടിന് വേണ്ടിയാണ്. യുഡിഎഫും അതിന് കൂട്ടുനില്‍ക്കുകയാണ്. ഭീകരര്‍ക്ക് സംരക്ഷണവും സാധാരണക്കാരന് വേറൊരു നീതിയുമെന്ന ഇടതുനയത്തെ ബിജെപി അംഗീകരിക്കില്ല. പിസിയോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്- സുരേന്ദ്രന്‍ പറഞ്ഞു.
മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിയേയും ഫസല്‍ ഗഫൂറിനെയും ആദ്യം അറസ്റ്റ് ചെയ്യണം. വലിയതോതില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നയാളുകളെ സംരക്ഷിക്കുകയും പ്രസംഗത്തിന്റെ പേരില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ അറസ്റ്റ് ചെയ്യുകയുമാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങിനുള്ള അവിലും മലരും വാങ്ങിവെച്ചോയെന്നും ക്രിസ്ത്യാനികളുടെ മരണാനന്തര ചടങ്ങിനുള്ള കുന്തിരിക്കം കരുതിക്കോയെന്നും ബാലനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് എന്‍ഡിഎ തൃക്കാക്കരയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. രണ്ട് മതവിഭാഗങ്ങള്‍ക്കെതിരെ വംശീയ ഉന്‍മൂല ആഹ്വാനം നടത്തിയ ഭീകരരെ സംരക്ഷിക്കുകയും മുന്‍ ജനപ്രതിനിധിയും കേരളത്തിലെ അറിയപ്പെടുന്ന നേതാവുമായ പി.സി. ജോര്‍ജിനെ പീഡിപ്പിക്കുകയും ചെയ്യുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Post Your Comments

Back to top button