എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മു
NewsNationalPolitics

എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മു

ന്യൂഡല്‍ഹി: ഗോത്ര വിഭാഗത്തില്‍ നിന്ന് ഇന്ത്യയുടെ പരമോന്നത പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആദ്യ വനിതയാണ് ദ്രൗപദി മുര്‍മു. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഗവര്‍ണറുമാണ് ദ്രൗപദി മുര്‍മു. ഭരണപാടവവും ജനപ്രീതിയുമാണ് അവരെ രാഷ്ട്രപതി പദവിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ ഇടയാക്കിയത്.

ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയില്‍ കര്‍ഷകനായിരുന്ന ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ മകളായി പിറന്ന ദ്രൗപദി മുര്‍മുവിന്റെ ചെറുപ്പം ദാരിദ്രം നിറഞ്ഞതായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം കഴിച്ചു. കുടുംബ ജീവിതത്തില്‍ ദുരിതങ്ങളാണ് നേരിടേണ്ടി വന്നത്. ഭര്‍ത്താവും രണ്ട് ആണ്‍മക്കളും അകാലത്തില്‍ മരണമടഞ്ഞു. മകള്‍ ഇതിശ്രീ മാത്രമാണ് ഒപ്പമുള്ളത്.

ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മു നേതൃ ശേഷിയുടെയും സംഘാടന സാമര്‍ഥ്യത്തിന്റെയും പടവുകളിലൂടെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തുന്നത്. സാന്താള്‍ ഗോത്രത്തിന്റെ പ്രതിനിധിയായ മുര്‍മു രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയുമാണ്. 2015 മുതല്‍ 2021 വരെയായിരുന്നു മുര്‍മുവിന്റെ ഗവര്‍ണര്‍ കാലാവധി. ഇതിനിടെ ബിജെപി ഭരണം മാറി യുപിഎ മുന്നണിയിലുള്ള ജെഎംഎം ഭരണം പിടിച്ചു.

ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി ദ്രൗപദി മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായും ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്ത ശേഷം 1997ല്‍ ബിജെപിയില്‍ ചേര്‍ന്നു. 1997ല്‍ റായ്റംഗ്പുരില്‍ നഗരസഭ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു.

റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ ബിജെപി ടിക്കറ്റില്‍ എംഎല്‍എ ആയി. 2000ല്‍ നിയമസഭയിലെത്തിയ മുര്‍മു ബിജെപി- ബിജെഡി സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997ല്‍ ബിജെപിയുടെ എസ്ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്ടി മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.

ഗോത്രവിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി വേണമെന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി പരിഗണന പട്ടികയില്‍ ദ്രൗപദി മുര്‍മു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ച് വര്‍ഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്.

Related Articles

Post Your Comments

Back to top button