രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉപഹാരമായി 'ദ്രോണാചാര്യ'
News

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉപഹാരമായി ‘ദ്രോണാചാര്യ’

കൊച്ചി: നാവിക ആസ്ഥാനത്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഉപഹാരമായി നല്കിയത് അമ്പും വില്ലുമേന്തി നില്ക്കുന്ന ദ്രോണാചാര്യരുടെ പത്തുകിലോ സുവര്‍ണ വിഗ്രഹം. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യയില്‍ നടന്ന പ്രഢഗംഭീരമായ ചടങ്ങില്‍ നേവിയിലെ നാല് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അപൂര്‍വ ഉപഹാരം രാഷ്ട്രപതിക്കു സമ്മാനിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റു വിശിഷ്ടവ്യക്തികള്‍ക്ക് ഇതിന്റെ ചെറുപതിപ്പുകളും സമ്മാനിച്ചു.

കരവിരുതകളേറെയുള്ള വിഗ്രഹം പറക്കാട്ട് ജുവലറിയാണ് തയ്യാറാക്കിയത്. ഉടമ പ്രീതി പ്രകാശ് രൂപകല്പന ചെയ്ത മാതൃക നേവി അധികൃതര്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ ദൗത്യം ഏല്ക്കേണ്ടിവന്നതെന്ന് പ്രീതി പറയുന്നു. പ്രീതി ഡിസൈന്‍ ചെയ്ത വിവിധ ശില്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നേവിയിലെ ഉന്നത സമിതി, നാവിക ആസ്ഥാനത്തേക്കു വിളിപ്പിക്കുകയായിരുന്നു. അവര്‍ നല്കിയ ചിത്രം നോക്കിയാണ് ശില്പം രൂപകല്പന ചെയ്തത്. വിഗ്രഹനിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പലതവണ നാവിക ആസ്ഥാനത്തെത്തി. ഇതുവരെയുള്ള ഉത്തരവാദിത്വങ്ങളില്‍ ഏറ്റവും ശ്രമകരമായിരുന്നു ഇത്.

ഗോള്‍ഡ് ഫോമിംഗ് എന്ന ഇറ്റാലിയന്‍ സാങ്കേതികവിദ്യയില്‍ റെസിന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഗ്രഹത്തില്‍ പൂര്‍ണമായും ഗോള്‍ഡ് ലെയര്‍ ചെയ്യുകയായിരുന്നു. ഇതില്‍ ടെറാക്കോട്ട വിദ്യകൂടി ഉപയോഗപ്പെടുത്തിയതോടെ ‘ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ‘ ചാരുതയോടെ കൂടുതല്‍ സ്വാഭാവികമായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചലച്ചിത്രതാരം മോഹന്‍ലാല്‍ സമ്മാനിച്ച മരപ്രഭു എന്ന ശില്പം, അമേരിക്കയിലെ അയ്യപ്പക്ഷേത്രത്തിലേക്കുള്ള തിരുവാഭരണം തുടങ്ങിയവ ഡിസൈന്‍ ചെയ്തതും പ്രീതിയാണ്.

Related Articles

Post Your Comments

Back to top button