Latest NewsNationalNews

ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി

മയക്കുമരുന്ന് കേസില്‍ ബിനീഷിനെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും.

മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ബിനീഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ആറാം തീയതി ബംഗളൂരുവിലെ ശാന്തിനഗര്‍ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്ന അനൂപ് മുഹമ്മദിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനൂപ് മുഹമ്മദിന് കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ചിരുന്ന മൊഴിയിൽ ഉള്ളത്. കേസുമായി ബന്ധപെട്ടു നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ബംഗളൂരു ഇഡി കഴിഞ്ഞയാഴ്ച കേസ് എടുത്തത്.

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡിയുടെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുന്നത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍ നടത്തിയത്. ഇതിപിറകെയാണ് ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നത്. തുടർന്നാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നൽകിയത്. സെപ്റ്റംബര്‍ ഒമ്പതിന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ മണിക്കൂറുകളോളം ബിനീഷിനെ ചോദ്യം ചെയ്യുന്നത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബിനീഷിനെതിരെ ഇ ഡി കേസെടുക്കുകയും ചെയ്തിരുന്നു. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്നും ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിരുന്നു.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചി സോണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ഇ.ഡി കഴിഞ്ഞ മാസം നടപടികള്‍ ആരംഭിച്ചിരുന്നതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറാന്‍ സെപ്റ്റംബര്‍ 11ന് ഇ‍.ഡി രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ 21 ദിവസം കഴിഞ്ഞിട്ടും, ഇ.ഡിക്ക് രജിസ്ട്രേഷന്‍ വകുപ്പ് വിവരങ്ങള്‍ കൈമാറാൻ തയ്യാറായിട്ടില്ല.
ബിനീഷിനെതിരേയുള്ള കേസില്‍, യുഎപിഎയുടെ 16 മുതല്‍ 18 വരെ വകുപ്പുകളും ബാധകമായേക്കുമെന്ന സൂചന ഉണ്ട്. സ്വര്‍ണക്കടത്തും ആ പണമുപയോഗിച്ചുള്ള രാജ്യദ്രോഹ പ്രവര്‍ത്തനവുമാണ് സ്വർണ കള്ളക്കടത്ത് കേസില്‍ യുഎപിഎ ചുമത്തിയത്. ബിനീഷിന്റെ ഇടപാടുകള്‍ക്ക് സ്വര്‍ണക്കടത്തുപണം വിനിയോഗിച്ചോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. സെപ്തംബര്‍ ഒമ്പതിന് ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 11നാണ് കേസെടുത്ത് രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. കണ്ണൂര്‍, തിരുവനന്തപുരം എന്നീ മോല്‍വിലാസങ്ങളിലെ സ്വത്തിടപാടു വിവരങ്ങള്‍ ലഭ്യമാക്കാനാണ് അപേക്ഷ നൽകിയിരുന്നത്. അതാണ് സംസ്ഥാന റെജിസ്ട്രേഷൻ വകുപ്പ് നൽകാതിരിക്കുന്നത്.
ഇതിനിടെ ബിനാമി ഇടപാടുകളെപ്പറ്റിയും മറ്റൊരുവശത്ത് അന്വേഷണം നടക്കുന്നുണ്ട്.

കേരളത്തിനു പുറമേ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും വിദേശത്തും ബിനീഷിന് സ്വത്തും ബിസിനസ് ഇടപാടുകളുമുണ്ട്. റിയല്‍ എസ്റ്റേറ്റ്, മരുന്നു നിര്‍മാണ കമ്പനികള്‍, ഹോട്ടലുകള്‍, വിനോദ സഞ്ചാര മേഖല, ഐടി വ്യവസായം തുടങ്ങിയവയിൽ ബിനീഷിനുള്ള ബന്ധങ്ങളെപ്പറ്റി ഒരന്വേഷണം നടത്തിയ ശേഷമാണ് ബംഗളുരു ഇ ഡി ബിനീഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ആദ്യ ചോദ്യം ചെയ്യലില്‍ ഇന്‍കം ടാക്സ് സംബന്ധിച്ച് ബിനീഷിന്റെ സ്ഥാപനങ്ങളുടെ വിവരങ്ങളാണ് ചോദ്യം ചെയ്തിരുന്നത്. മുന്‍കൂട്ടി അറിയിച്ചതിനെ തുടര്‍ന്ന് സമഗ്രമായ രേഖകളുമായാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ബിനീഷ് വിശദീകരണം നടത്തിയത്. എന്നാൽ ബിനീഷ് പറഞ്ഞ രേഖകളുമായി ബന്ധപ്പെട്ട ചില ച്ചേർച്ചയില്ലായ്മ്മ ബംഗളുരു ഇ ഡി ചോദിച്ചറിയുമെന്നും വിവരമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button