Kerala NewsLatest NewsNews

കേരള വികസനത്തിന് കേന്ദ്രപിന്തുണ ഉറപ്പുനല്‍കി നരേന്ദ്രമോദി, കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് ഉടന്‍ അനുമതി

ന്യൂഡല്‍ഹി: കേരള വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രപിന്തുണ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഉടന്‍ അനുമതി നല്‍കും. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പരിശോധിച്ച ശേഷം തീരുമാനമെടുക്കും. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്കും ഉടന്‍ അനുമതി നല്‍കുമെന്നും അറിയിച്ചു. സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി, എയിംസ്, കൊച്ചി പെട്രോ കെമിക്കല്‍സ് പദ്ധതി, തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത, അങ്കമാലി-ശബരി റെയില്‍പ്പാത, ശബരിമല വിമാനത്താവളം തുടങ്ങിയ വികസന പദ്ധതികള്‍ പരിഗണിക്കും.

കടല്‍ വഴിയുള്ള ജലഗതാഗതം പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിനായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വീണ്ടും അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെ അദ്ദേഹം അനുമോദിച്ചു. ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയതിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹിക്കാനായി 2020-’21 സാമ്പത്തിക വര്‍ഷത്തെ ജി.എസ്.ടി. നഷ്ടപരിഹാരമായ 4524 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ 60 ലക്ഷം ഡോസ് ഈ മാസം തന്നെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുകൂലനിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉള്‍പ്പടെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, പെട്രോളിയം-നഗര വികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര എന്നിവരുമായാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൂടി കാഴ്ച നടത്തിയത്. ജോണ്‍ ബ്രിട്ടാസ് എം.പി., ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

കേരളത്തിന്റെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ ആ കരുത്ത് പൂര്‍ണമാകണമെങ്കില്‍ പ്രഖ്യാപിച്ച എയിംസ് കേരളത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന സ്ഥലമായ ശബരിമലയില്‍ വിമാനത്താവളം വേണം.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കണമെന്നും ആസിയാന്‍ ഓപ്പണ്‍ സ്‌കൈ നയത്തില്‍ കണ്ണൂരിനെ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള തടസ്സം നീക്കണമെന്നും സ്ഥലമേറ്റെടുക്കല്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button