BusinessLatest NewsNewsWorld

സാമ്പത്തക തകര്‍ച്ച: പാക് ജനത ക്രിപ്‌റ്റോ കറന്‍സിക്ക് പിന്നാലെ

ഇസ്ലാമാബാദ്: അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തി പാക് ജനത. പാക് കറന്‍സി മുന്‍പെങ്ങുമില്ലാത്ത വിധം തകര്‍ന്നതോടെ പാക്കിസ്ഥാന്‍ പൗരന്മാര്‍ ക്രിപ്‌റ്റോ കറന്‍സി വാങ്ങിക്കൂട്ടുകയാണ്. നിലവില്‍ ഡോളറിന് 175 പാകിസ്ഥാന്‍ രൂപ എന്ന നിലയിലേക്കാണ് മൂല്യം ഇടിഞ്ഞത്. അടുത്തകാലത്തെങ്ങും മൂല്യം തിരിച്ചുകയറുന്ന ലക്ഷണവുമില്ല. അതോടെയാണ് രാജ്യത്തെ ബിസിനസുകാരും യുവാക്കളും ക്രിപ്‌റ്റോ കറന്‍സിക്ക് പിന്നാലെ പോയത്.

ഇതോടെ പാക്കിസ്ഥാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ പരിതാപകരമായ നിലയിലേക്ക് എത്തിയിട്ടുണ്ട്. ചില സ്വകാര്യ ബാങ്കുകളും വിദേശ പണമിടപാട് സ്ഥാപനങ്ങളുമാണ് യുവാക്കളെയും ബിസിനസുകാരെയും ക്രിപ്‌റ്റോ കറന്‍സിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ആറുമാസത്തിനിടെ അഞ്ച് കോടി അമേരിക്കന്‍ ഡോളറിന് തുല്യമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ക്രിപ്‌റ്റോ കറന്‍സി വാങ്ങിക്കൂട്ടുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആയിരത്തിലധികം പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാക് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണവും ആരംഭിച്ചു. 2018 ഏപ്രില്‍ മാസത്തില്‍ പാകിസ്ഥാന്‍ സ്റ്റേറ്റ് ബാങ്ക് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സിക്കെതിരെയുള്ള നടപടികള്‍ കൈക്കൊണ്ടത് കൂനിന്മേല്‍ കുരുവായ അവസ്ഥയാണ്. ഇതോടെ രാജ്യത്തെ ബിസിനസുകാരില്‍ പലരും തങ്ങളുടെ ആസ്തികള്‍ വിദേശത്തേക്ക് മാറ്റുന്നുണ്ട്.

Related Articles

Back to top button