പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ടെത്തുന്ന വഴി തേടി ഇഡിയും എന്‍ഐഎയും
NewsNational

പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ടെത്തുന്ന വഴി തേടി ഇഡിയും എന്‍ഐഎയും

കൊച്ചി: മാറാട് കലാപക്കേസ് മുതല്‍ സിഎഎ കലാപത്തിനടക്കം പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്ക് കോടികള്‍ ഒഴുകിയതിന്റെ ഉറവിടം തേടുകയാണ് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. അനുദിനം ശക്തിപ്രാപിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഉറവിടമായി ആദ്യം മുതല്‍ കണ്ടിരുന്നത് സൗദിയെയും ഖത്തറിനെയുമാണ്.

എന്നാല്‍ തീവ്രവാദസംഘടനകള്‍ക്കുള്ള ഫണ്ടിംഗ് ഇരു രാജ്യങ്ങളും നിര്‍ത്തി. അത് മലയാളപത്രം തേജസ് അടക്കമുള്ള ചില മാധ്യമങ്ങളുടെ അടച്ചുപൂട്ടലിലാണ് കലാശിച്ചത്. ഇസ്ലാമിക പ്രബോധനത്തിന് ഖത്തറില്‍ നിന്നായിരുന്നു മുഖ്യമായും ഫണ്ടൊഴുകിയിരുന്നത്. ഖത്തര്‍ ഹവാല എന്നപേരില്‍ അറിയപ്പെട്ട ഈ ഫണ്ടിംഗ് കേരളത്തിലടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ക്ക് വന്‍ വളര്‍ച്ചയാണ് പ്രദാനം ചെയ്തത്.

മാറാട് കലാപക്കേസിലും ഹാദിയ കേസിലും സിഎഎ കലാപത്തിലുമെല്ലാം പോപ്പുലര്‍ ഫ്രണ്ട് ഒഴുക്കിയത് കോടികളാണ്. ഖത്തറും സൗദിയും ഫണ്ടിംഗ് നിര്‍ത്തിവച്ചിട്ടും വന്നുചേരുന്ന ഫണ്ടിംഗിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ ഹഖാനി നെറ്റ്‌വര്‍ക്കിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും അപകടകാരികളായ ഭീകരസംഘടനയാണ് ഹഖാനി നെറ്റ്‌വര്‍ക്ക്.

ഇസ്ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയും താലിബാനും എല്ലാം ഹഖാനി നെറ്റ്‌വര്‍ക്കിന്റെ ഗുണഭോക്താക്കളാണ്. തുര്‍ക്കിയും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ചാണ് ഹഖാനി നെറ്റ്‌വര്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹഖാനി നെറ്റ്‌വര്‍ക്കിന്റെ ഇപ്പോഴത്തെ മേധാവി ഖലീല്‍ ഹഖാനി അഫ്ഗാനിസ്ഥാനിലാണ്. അമേരിക്കയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരനാണ് ഖലീല്‍ ഹഖാനി.

അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരില്‍ സുരക്ഷയുടെ ചുമതല വഹിക്കുന്നത് ഖലീല്‍ ഹഖാനിയാണ്. 1990കളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കിയിരുന്ന മുല്ല ഒമറിന്റെ അടുത്ത ആളായിരുന്ന ഖലീല്‍ ഹഖാനിയുടെ സഹോദരന്‍ ജലാലുദീന്‍ ഹഖാനിയാണ് ഹഖാനി നെറ്റ്‌വര്‍ക്ക് രൂപീകരിച്ചത്. ഇസ്ലാമിക് സ്‌റ്റേറ്റിനും താലിബാനുമടക്കം ലോകത്തിലെ 63 സംഘടനകള്‍ക്ക് ഹഖാനി നെറ്റ്‌വര്‍ക്ക് പണം നല്‍കുന്നുണ്ട്. അതില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇന്ത്യയിലെ സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണ്.

2003ലെ മാറാട് കലാപം തൊട്ട് പോപ്പുലര്‍ ഫ്രണ്ടിന് കോടിക്കണക്കിന് രൂപയാണ് ലഭിച്ചിരിക്കുന്നത്. 1999 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിദേശത്ത് നിന്ന് 430 കോടി രൂപയാണ് ഇവിടുത്തെ പലരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്ന് ക്രൈംബ്രാഞ്ച് റിട്ട. സൂപ്രണ്ട് സി.എം. പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷത്തോളം മാറാട് കേസിന്റെ അന്വേഷണ ചുമതല പ്രദീപ് കുമാറിനായിരുന്നു.

ഇത്രയും പൈസ എത്തിയതിനെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണം നടത്താതിരിക്കാന്‍ സമര്‍ദമുണ്ടായെന്നും പ്രദീപ് കുമാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 2017ല്‍ ഹാദിയ കേസുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഡെ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ചില പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ മതപരിവര്‍ത്തനത്തിന് ഫണ്ട് ലഭിക്കുന്നതിനെ കുറിച്ചും ഹവാല വഴി ഫണ്ട് എത്തുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഇവര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു.

ഹാദിയ കേസില്‍ പരാതിക്കാരനായ ഷഹീന്‍ ജഹാന് വേണ്ടി കപില്‍ സിബല്‍ (77 ലക്ഷം), ദുഷ്യന്ത് ദവെ (11 ലക്ഷം), ഇന്ദിര ജയ്‌സിംഗ് (നാല് ലക്ഷം) എന്നിവര്‍ക്ക് നല്‍കിയ തുക പോപ്പുലര്‍ ഫ്രണ്ടാണ് നല്‍കിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുപിയില്‍ പൗരത്വ നിയമഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പിഎഫ്‌ഐ അക്കൗണ്ടുകളിലേക്ക് കോടികളാണ് നിക്ഷേപിക്കപ്പെട്ടത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ പത്തും റിഹാബ് ഫൗണ്ടേഷന്റെ അഞ്ചും അക്കൗണ്ടുകളിലൂടെ ഏകദേശം 104 കോടി രൂപ 2019 ഡിസംബര്‍ 12നും 2020 ജനുവരി ആറിനും ഇടയില്‍ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം അന്നുതന്നെയോ രണ്ട് ദിവസങ്ങള്‍ക്കുള്ളിലോ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ അക്കൗണ്ടുകളില്‍ അയ്യായിരത്തിനും 49000നും ഇടയിലുള്ള തുകകളാണ് വിവിധ സ്ഥലങ്ങളിലായി നിക്ഷേപിക്കപ്പെട്ടത്. അതിനാല്‍ നിക്ഷേപിക്കുന്നയാളുടെ വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന ആനുകൂല്യം പോപ്പുലര്‍ ഫ്രണ്ടുകാര്‍ മുതലെടുക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button