സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയെയും പ്രതി ചേര്‍ക്കാനൊരുങ്ങി ഇഡി
NewsKeralaCrime

സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍സുല്‍ ജനറലിനെയും അറ്റാഷെയെയും പ്രതി ചേര്‍ക്കാനൊരുങ്ങി ഇഡി

തിരുവനന്തപുരം: നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സുല്‍ ജനറല്‍, അറ്റാഷെ, ചീഫ് അക്കൗണ്ടന്റ് എന്നിവരെ കേസില്‍ പ്രതികളാക്കാനാണ് ഇഡിയുടെ തീരുമാനം. പി.എസ്. സരിത്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നീ നാല് പ്രതികളാണ് ഇപ്പോള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

സ്വര്‍ണക്കടത്തിലും യുഎഇയിലേക്ക് ഡോളര്‍ കടത്തിയതിലും കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും ചീഫ് അക്കൗണ്ടന്റ് ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിനും പങ്കുണ്ടെന്ന സ്വപ്‌നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെ പ്രതി ചേര്‍ക്കുമെന്നാണ് ഇഡി പറയുന്നത്. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും മുഴുവന്‍ കാര്യങ്ങളും അറിയാമെന്നാണ് സ്വപ്‌നയുടെ മൊഴി. ഇവരെ ചോദ്യം ചെയ്യാനായാല്‍ കേസില്‍ വലിയ വഴിത്തിരിവുണ്ടാകും. ഇതിനായി യുഎഇയിലെ ഇന്ത്യന്‍ എംബസി വഴി ഇവര്‍ക്ക് നോട്ടീസ് കൈമാറും.

മൂവരുടെയും യുഎഇയിലെ വിലാസം ഇഡി ശേഖരിച്ചിട്ടുണ്ട്. അവിടത്തെ വിലാസത്തിലായിരിക്കും നോട്ടീസ് നല്‍കുക. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകണമെങ്കില്‍ യുഎഇയിലുള്ള ഇവരെ മൂന്ന് പേരെയും ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്. ഇവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്നൊഴിവാക്കി ഓണ്‍ലൈന്‍ വഴി മൊഴി എടുക്കാനാവുമോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ കസ്റ്റംസ് ഇവരെ ചോദ്യം ചെയ്യാനായി ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ പഴുതടച്ച നീക്കവുമായി ഇവരെ ചോദ്യം ചെയ്ത് കേസിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനാണ് ഇഡി ശ്രമിക്കുന്നത്.

Related Articles

Post Your Comments

Back to top button