സ്വപ്‌നയുടെ മൊബൈല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയച്ച് ഇഡി
NewsKerala

സ്വപ്‌നയുടെ മൊബൈല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയച്ച് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ ഫോണിലുണ്ടെന്നാണ് ഇഡിയുടെ നിഗമനം.

തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് നല്‍കിയ സ്വപ്‌നയുടെ ഫോണ്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്തതാണ്. കോടതിയുടെ അനുമതി ലഭിച്ച ശേഷമാണ് മൊബൈല്‍ ഫോണ്‍ കോപ്പി ചെയ്യാനായി ഇഡി ഫോറന്‍സിക് ലാബില്‍ കൊടുത്തിരിക്കുന്നത്. ഫോണില്‍ നിന്ന് എന്‍ഐഎ ശേഖരിച്ച വിവരങ്ങള്‍ ഇഡിക്ക് കൈമാറിയിട്ടില്ല.

2020 ജൂലൈയില്‍ ബംഗളൂരുവില്‍ വച്ച് സ്വപ്‌നയെ എന്‍ഐഎ അറസ്റ്റ് ചെയ്യുമ്പോള്‍ സ്വപ്‌നയില്‍ നിന്ന് ആറ് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇഡി അന്വേഷണം ഏറ്റെടുത്തപ്പോള്‍ 2018 മുതലുള്ള ഫോണ്‍ രേഖകളാണ് ലഭിച്ചത്. സ്വപ്‌നയെ അടുത്തിടെ ചോദ്യം ചെയ്തപ്പോഴാണ് 2016-17 കാലഘട്ടത്തില്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചത്.

ഈ ഫോണിലെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില സുപ്രധാന വീഡിയോകള്‍ ഉണ്ടെന്നാണ് സ്വപ്‌ന ഇഡിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഉന്നതരെയടക്കം നിരവധി പേരെ സ്വപ്‌ന നിരന്തരം ഫോണില്‍ വിളിച്ചിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, കോണ്‍സുലേറ്റിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള തെളിവുകള്‍ തന്റെ മൊബൈലില്‍ ഉണ്ടെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചിട്ടുണ്ട്. തന്റെ മൊബൈല്‍ ലഭിച്ചാല്‍ ഈ ആരോപണങ്ങളെല്ലാം തെളിയിക്കാന്‍ കഴിയുമെന്നും സ്വപ്‌ന വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button