ഗര്‍ഭച്ഛിദ്രം സംഭവിച്ച സ്ത്രീക്ക് 30 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

ഗര്‍ഭച്ഛിദ്രം സംഭവിച്ച സ്ത്രീക്ക് 30 വര്‍ഷത്തെ തടവ് ശിക്ഷ. ഗൗരവമേറിയ നരഹത്യക്കാണ് എല്‍സാല്‍വഡോറിലെ കോടതിയുടെ വിധി. എസ്മെ എന്ന സ്ത്രീക്കാണ് തിങ്കളാഴ്ച ശിക്ഷ ലഭിച്ചതെന്ന് ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമല്ലാതാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മ പ്രസ്താവനയില്‍ വ്യക്തമാക്കി. ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയ സമയത്ത് അറസ്റ്റിലായ സ്ത്രീ രണ്ടുവര്‍ഷമായി വിചാരണത്തടവുകാരിയായി കഴിയുകയായിരുന്നു.
‘ന്യായാധിപന് പക്ഷപാതപരമായിട്ടാണ് പെരുമാറിയത്. അറ്റോര്‍ണി ജനറലിന്റെ ഓഫിസ് നല്കിയ അപകീര്‍ത്തികരമായ വാദങ്ങള്‍ക്ക് വലിയ പ്രധാന്യം നല്കി’.- സംഘടന പറയുന്നു. അപ്പീല്‍ നല്‍കുമെന്നും അറിയിച്ചു. മാതൃദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച കോടതി അവധിയായതിനാല്‍ ശിക്ഷ സ്ഥരീകരിക്കാനായില്ല. എല്‍ സാല്വഡോറില് ഗര്‍ഭച്ഛിദ്രത്തിന് പൂര്‍ണ നിരോധനമുണ്ട്.
ഗര്‍ഭച്ഛിദ്രം നടന്നതായി അധികൃതര്‍ക്ക് വ്യക്തമായ നിരവധി സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ 180-ാളം സ്ത്രീകള്‍ വിചാരണ ചെയ്യപ്പെട്ടു. 2009 മുതല്‍ ഇതില്‍ 64 പേരെ സര്‍ക്കാര്‍ മോചിപ്പിച്ചു. ഡിസംബര്‍ മുതല്‍ മാത്രം നീണ്ട ശിക്ഷ അനുഭവിക്കുന്ന എട്ടു സ്ത്രീകള്‍ക്ക് ശിക്ഷായിളവ് ലഭിച്ചു.