പതിനൊന്നുകാരനെ 22 തെരുവ് നായ്ക്കള്‍ക്കൊപ്പം പൂട്ടിയിട്ട് മാതാപിതാക്കള്‍

പൂനെ: പതിനൊന്ന് വയസുള്ള മകനെ 22 തെരുവ് നായ്ക്കള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍. ഇവര്‍ക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. മാസങ്ങളായി കുട്ടിയെ നായ്ക്കള്‍ക്കൊപ്പം പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ഒരു സന്നദ്ധ സംഘടന ഇടപെടുകയായിരുന്നു. പോലീസ് ആദ്യം കേസ് എടുക്കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് ശിശു ക്ഷേമ സമിതി ഇടപെട്ടതിനെ തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്യുകയും കുട്ടിയെ ശിശു മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു.
പൂനെയിലെ കോന്ദ്വയിലാണ് സംഭവം. ഇവിടെയുള്ള ഒരു അപ്പാര്‍ട്മെന്റിലാണ് 11 വയസുകാരനെ വീട്ടുകാര്‍ നായകള്‍ക്കൊപ്പം പൂട്ടിയിട്ടത്. 22 തെരുവ് നായകള്‍ ഇവിടെ ഉണ്ടായിരുന്നു. മാസങ്ങളായി കുട്ടിയെ വീടിനകത്ത് പൂട്ടിയിട്ടിരിക്കുകയാണെന്ന് സമീപവാസികള്‍ ന്യാന ദേവി ചൈല്‍ഡ് ലൈന്‍ എന്ന സന്നദ്ധ സംഘടനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ചെറിയ ഒരു അപ്പാര്‍ട്ട്മെന്റില്‍ 22 തെരുവുനായകള്‍ക്കൊപ്പം കഴിയുകയായിരുന്നു കുട്ടി. വീടിനകത്ത് നാല് നായകള്‍ ചത്തുകിടപ്പുണ്ടായിരുന്നു. അവയുടെ മൃതാവശിഷ്ടങ്ങള്‍ മാറ്റിയിട്ടുണ്ടായിരുന്നില്ല.
നായകളുടെ വിസര്‍ജ്യങ്ങളും മറ്റും വീട്ടില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. മാസങ്ങളായി നായകള്‍ക്കൊപ്പം കഴിഞ്ഞതിനെ തുടര്‍ന്ന് കുട്ടി നായകളെ പോലെ കുരയ്ക്കുന്നുണ്ടായിരുന്നതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ വിവരം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നും അനുകൂലമായ സമീപനമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറഞ്ഞു. വീട്ിന്റെ പൂട്ട് പൊളിച്ച് അകത്തുകയറാന്‍ പോലീസുകാര്‍ തയ്യാറായില്ല.
തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ സംസ്ഥാന ശിശുക്ഷേമ സമിതിയെ വിവരമറയിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലീസ് അകത്തുകയറാന്‍ തയ്യാറായത്. പിന്നീട് കുട്ടിയെ കണ്ടെത്തിയിട്ടും രക്ഷിതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസ് മടിച്ചുനിന്നു. വീണ്ടും പരാതി നല്‍കിയപ്പോഴാണ് ഏറെ വൈകി പോലീസ് രക്ഷിതാക്കള്‍ക്കെതിരെ കേസ് എടുത്തത്. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന ശിശുമന്ദിരത്തിലേക്ക് മാറ്റി.
കുട്ടിയുടെ മാനസിക, ശാരീരിക നില പരിതാപകരമാണെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ അറിയിച്ചു. സമീപത്ത് ചെറിയ ഒരു കട നടത്തുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. മകനെ വീട്ടിലിട്ട് പൂട്ടിയാണ് ഇവര്‍ വീടുവിട്ട് പോയിരുന്നത്. ഇവരും ഇതേ വീട്ടില്‍ തന്നെ കുട്ടിയോടൊപ്പം താമസിക്കുകയായിരുന്നു. മൃഗസ്നേഹികള്‍ ആയതിനാലാണ് തെരുവില്‍നിന്നും കൊണ്ടുവന്ന നായകളെ താമസിപ്പിക്കുന്ന മുറിയില്‍ മകനെ താമസിപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.