ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്; നിയമനടപടിക്കൊരുങ്ങി സമൂഹമാധ്യമം
NewsWorld

ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്; നിയമനടപടിക്കൊരുങ്ങി സമൂഹമാധ്യമം

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍നിന്ന് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് പിന്‍മാറി. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് മസ്‌ക് കരാറില്‍നിന്ന് പിന്‍മാറിയത്. ഏപ്രിലിലായിരുന്നു 44 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഒപ്പിട്ടത്. വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ക്കൊപ്പം സ്പാം അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും തേടിയിരുന്നതായും എന്നാല്‍ രണ്ടും കമ്പനി നല്‍കിയില്ലെന്ന് അഭിഭാഷകന്‍ അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഏകപക്ഷീയമായി കരാര്‍ ഉപേക്ഷിച്ച മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.

ദിവസവും പത്തുലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് അവകാശമുന്നയിച്ച ട്വിറ്ററിനോട് ഇതിന്റെ വിശദാംശങ്ങള്‍ ഇലോണ്‍ മസ്‌ക് തേടിയിരുന്നു. വ്യാജ അക്കൗണ്ടുകളെപ്പറ്റിയും സ്പാം അക്കൗണ്ടുകളെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കരാറില്‍നിന്ന് പിന്‍മാറുമെന്ന് കഴിഞ്ഞമാസമാണ് ശതകോടീശ്വരന്‍ വ്യക്തമാക്കിയത്. ഏപ്രിലില്‍ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ ട്വിറ്ററില്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ നടത്തുമെന്ന് മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തു.

ട്വിറ്ററിലെ അക്ഷരങ്ങളുടെ ദൈര്‍ഘ്യം കൂട്ടുക, അല്‍ഗൊരിതം വ്യത്യാസപ്പെടുത്തുക, ആശയം പ്രകടിപ്പിക്കാനും അഭിപ്രായം തുറന്നുപറയാനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയൊക്കെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നായിരുന്നു മസ്‌ക് വിശദീകരിച്ചത്. ട്വറ്ററില്‍ പണം നിക്ഷേപിക്കാനുള്ള നീക്കം അദ്ദേഹം നിര്‍ത്തിവച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവരുന്നത്.

Related Articles

Post Your Comments

Back to top button