മരണത്തെക്കുറിച്ചുള്ള ട്വീറ്റുമായി ഇലോണ്‍ മസ്ക്

ന്യൂയോര്‍ക്ക്: മരണത്തെക്കുറിച്ചുള്ള ട്വീറ്റുമായി ട്വിറ്റര്‍ ഉടമസ്ഥനായ ഇലോണ്‍ മസ്ക്. ‘നിഗൂഢമായ സാഹചര്യത്തിലാണ് ഞാന്‍ മരിക്കുന്നതെങ്കില്‍, നിങ്ങളെ അറിയുന്നതില്‍ സന്തോഷമുണ്ട്,’ എന്നാണ് പുതിയ ട്വീറ്റില്‍ മസ്ക് പറയുന്നത്. റഷ്യ ഉക്രൈന് യുദ്ധത്തില്‍ ഉക്രൈന് സൈനിക ആശയവിനിമയ ഉപകരണങ്ങള്‍ നല്കുന്നതില് താന്‍ പങ്കാളിയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിന് തൊട്ട് പിന്നാലെയാണ് മരണത്തെക്കുറിച്ച് മസ്ക് ട്വീറ്റ് ചെയ്തത്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനമായ പെന്റഗണില്‍ നിന്നാണ് ഉപകരണങ്ങള്‍ ഉക്രൈനില്‍ എത്തിച്ചതെന്നും ആദ്യം പങ്കിട്ട പോസ്റ്റ് അവകാശപ്പെടുന്നു. യുദ്ധത്തില്‍ ഉക്രൈനെ സഹായിച്ചതിന് മസ്കിന് മേല്‍ റഷ്യയുടെ ഭീഷണി ഉണ്ടോ എന്ന ഊഹാപോഹങ്ങളിലേക്ക് നയിക്കാന്‍ ഈ രണ്ട് പോസ്റ്റുകളും കാരണമായിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഉക്രൈയിനില്‍ ആരംഭിച്ചിരുന്നു. മരണത്തെക്കുറിച്ചുള്ള മസ്കിന്റെ ട്വീറ്റിനെ തമാശയായും ഗൗരവത്തോടെയും ആളുകള്‍ കാണുന്നുണ്ട്. മസ്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. മസ്ക് മദ്യപിച്ചിട്ടുണ്ടോ എന്നും അടക്കേണ്ട വലിയ നികുതി മാനസിക പ്രശ്നം ഉണ്ടാക്കുന്നുണ്ടോ എന്ന തരത്തില്‍ ഉപയോക്താക്കള്‍ മസ്കിന്റെ ട്വീറ്റിനോട് പ്രതികരിച്ചു.