ശത്രുവിന്റെ ശത്രു മിത്രം: ബംഗാളില്‍ ബിജെപി- സിപിഎം സഖ്യം
NewsNationalPolitics

ശത്രുവിന്റെ ശത്രു മിത്രം: ബംഗാളില്‍ ബിജെപി- സിപിഎം സഖ്യം

കൊല്‍ക്കൊത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബിജെപി- സിപിഎം സഖ്യം. ബംഗാളില്‍ നടന്ന സഹകരണ തിരഞ്ഞെടുപ്പിലാണ് ശത്രുവിന്റെ ശത്രുവായ തൃണമൂലിനെ തോല്‍പിക്കാന്‍ സിപിഎം ബിജെപിയോടൊപ്പം ചേര്‍ന്നത്. പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപൂര്‍ ജില്ലയിലെ സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പിലാണ് ബദ്ധശത്രുക്കളായ ബിജെപിയും സിപിഎമ്മും പശ്ചിമബംഗാള്‍ സമവായ് ബച്ചാവോ സമിതിന്ത എന്ന പേരില്‍ സഖ്യമുണ്ടാക്കി ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഈ സഖ്യം പ്രാബല്യത്തിലായതോടെ സഹകരണ തിരഞ്ഞെടുപ്പിന് തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സീറ്റുപോലും കിട്ടിയില്ലെന്ന പ്രത്യേകതയുമുണ്ട്. ആകെയുള്ള 68 സീറ്റും ഈ മുന്നണിയാണ് നേടിയത്. നന്ദകുമാര്‍ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ബറാംപൂര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് അപ്രതീക്ഷിത കൂട്ടുകെട്ട് പിറവിയെടുത്തത്. 46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ ദേശപത്രിക നല്‍കിയിരുന്നെങ്കിലും 35 സീറ്റില്‍ പിന്‍വലിക്കുകയായിരുന്നു. 11 സീറ്റിലേക്കു മാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.

ആകെ സീറ്റില്‍ 40 എണ്ണം ബിജെപിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു. സിപിഎമ്മും ബിജെപിയും ഒന്നിച്ചതോടെ മറ്റു പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും പച്ചതൊടാനായില്ല. നന്ദിഗ്രാം ബിജെപി എംഎല്‍എയും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയാണ് പൂര്‍ബ മേദിനിപൂര്‍. ഇവിടെയാണ് ഈ പുതിയ രാഷ്ട്രീയ സഖ്യം രൂപം കൊണ്ടത്. ഈ സഖ്യം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത്- നിയമസഭ തിരഞ്ഞടുപ്പുകളില്‍ അപ്രഖ്യാപിത സഖ്യമായി വളരാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ബിജെപിയുുമായി യാതൊരുവിധ കൂട്ടുകെട്ടുമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി നിരന്തരം പ്രഖ്യാപിക്കുന്നതിനിടയിലാണ് ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന പശ്ചമബംഗാളില്‍ത്തന്നെ ഇരുപാര്‍ട്ടികളും ഒരുമിച്ചുള്ള മുന്നണി രംഗത്തെത്തിയിരിക്കുന്നത്. ഒരുമിച്ച് മത്സരിക്കുക മാത്രമല്ല എല്ലാ സീറ്റുകളിലും മികച്ച വിജയം സ്വന്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ ഭയം വളര്‍ത്തുകയും ചെയ്തിരിക്കുകയാണ് ഈ മുന്നണി. പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്ന ബംഗാളില്‍ നിന്നും തൂത്തെറിയപ്പെട്ട നിലയിലാണ് സിപിഎം ഇന്നുള്ളത്. ഈ സാഹചര്യത്തിലാണ് തിരിച്ചുവരിക എന്ന ലക്ഷ്യത്തിനുവേണ്ടി മറ്റെല്ലാം സിപിഎം മറക്കുന്നതും.

ഇരുവരുടെയും പൊതുശത്രു തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നിരിക്കേ ആ ശത്രുവിനെ തോല്‍പ്പിക്കാന്‍ ഒരുമിക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റിയത്. അത് വിജയിക്കുകയും ചെയ്തു. ഇതോടെ പാര്‍ട്ടിയുടെ ദേശീയതലത്തിലുള്ള പൊതുനിലപാട് സിപിഎം ബംഗാള്‍ ഘടകം കാറ്റില്‍ പറത്തിയിരിക്കുകയാണ്. ബദ്ധശത്രുക്കളായ സിപിഎമ്മും ബിജെപിയും ഒരുമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങിയതിന്റെ സൂചന തന്നെയാണ് ഈ തിരഞ്ഞെടുപ്പ് വിജയം എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അടിവരയിടുന്നു.

Related Articles

Post Your Comments

Back to top button