
ലണ്ടന്‍: ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരായി ഏറ്റവും ചെറിയ സ്കോര്‍ നേടി ഇംഗ്ലണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ 25.2 ഓവറില്‍ 110 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ ജേസണ്‍ റോയിയെ റണ്ണെടുക്കുന്നതിന് മുമ്പ് പുറത്താക്കി ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
അതേ ഓവറിലെ അവസാന പന്തില്‍ അക്കൗണ്ട് തുറക്കും മുന്‍പ് ജോ റൂട്ടിനെയും ബുംറ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ നാലാം ബോളില്‍ ബെന്‍സ്റ്റോക്സിനെ നേരിട്ട ആദ്യപന്തില്‍ ഔട്ടാക്കി ഷമി തന്റെ ആദ്യ വിക്കറ്റ് കരസ്ഥമാക്കി. ഇതോടെ മുന്‍നിര തകര്‍ന്നടിഞ്ഞു. ജോണി ബെയര്‍സ്റ്റോയെയും ലിയാം ലിവിംഗ്സ്റ്റണിനെയും മടക്കി ബുംറ ഇംഗ്ലണ്ടിന്റെ മധ്യനിരയെയും തകര്‍ത്തു.
ജേസണ്‍ റോയ്, ജോ റൂട്ട്, ബെന്‍സ്റ്റോക്സ്, ലിവിംഗ്സ്റ്റണ് എന്നീ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി. ഇതില്‍ മൂന്ന് പേരെ പുറത്താക്കിയത് ബുംറയാണ്. 7.2 ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് ആറ് ഇംഗ്ലണ്ട് വിക്കറ്റുകള്‍ ബുംറ സ്വന്തമാക്കി. ഏഴോവറില്‍ 31 റണ്‍സ് വഴങ്ങി മുഹമ്മദ് ഷമി മൂന്നും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി. 32 പന്തില്‍ 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍ ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ഡേവിഡ് വില്ലി (21), ബ്രൈഡന്‍ കാര്‍സ് (15), മോയിന്‍ അലി (14) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്ന ബാറ്റര്‍മാര്‍.
Post Your Comments