സംരംഭക വർഷം: അഴീക്കോട് മണ്ഡലത്തിൽ 17.62 കോടിയുടെ 283 സംരംഭങ്ങൾ തുടങ്ങി
NewsLocal News

സംരംഭക വർഷം: അഴീക്കോട് മണ്ഡലത്തിൽ 17.62 കോടിയുടെ 283 സംരംഭങ്ങൾ തുടങ്ങി

മലപ്പുറം: അഴീക്കോട് മണ്ഡലത്തിൽ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഇതുവരെ 17.62 കോടിയുടെ 283 സംരംഭങ്ങൾ തുടങ്ങി. ഇതുവഴി 618 പേർക്ക് തൊഴിൽ കണ്ടെത്താനും സാധിച്ചു. ആറ് മാസത്തിനകം 735 സംരംഭങ്ങൾ കൂടി ആരംഭിക്കും.
മണ്ഡലത്തിലെ ചിറക്കൽ, വളപട്ടണം, പാപ്പിനിശ്ശേരി, അഴീക്കോട്, നാറാത്ത് പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ (1 മുതൽ 13 വരെയും 54, 55) എന്നീ ഡിവിഷനുകളിലായി 1018 സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

സംരംഭക വർഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചുരുങ്ങിയത് ഒരുലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിച്ച് നാല് ലക്ഷം വരെ ആളുകൾക്ക് തൊഴിൽ നൽകാനുള്ള ബൃഹത്തായ പദ്ധതിയാണ് ഇതര വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന മണ്ഡലതല അവലോകന യോഗം കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ നിസാർ വായിപ്പറമ്പ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് ഷിറാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി അബ്ദുൾ റാജിബ്, കണ്ണൂർ താലൂക്ക് വ്യവസായ ഓഫീസർ അരവിന്ദാക്ഷൻ, കണ്ണൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ടി കെ ലിനീഷ് എന്നിവർ സംസാരിച്ചു.

Related Articles

Post Your Comments

Back to top button