ആഗോള കമ്പനിക്കുവേണ്ടി സൈബര്‍ പാര്‍ക്കില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്: ഐടി മേഖലയില്‍ വന്‍ കുതിപ്പിന് തുടക്കമിട്ട കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള വിവിധ കമ്പനികളെ കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കില്‍ നിന്നും ഒഴിവാക്കുന്നു. ഒരു ബ്രിട്ടീഷ് കമ്പനിക്കു സര്‍ക്കാര്‍ സംവിധാനം കൈമാറാന്‍ വേണ്ടിയാണ് പിണറായി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കുന്നതെന്നാണ് വിമര്‍ശനം.
മാത്രമല്ല ഒരു സ്വകാര്യ സൈബര്‍ പാര്‍ക്കിന്റെ വളര്‍ച്ചയ്ക്കും ഇത് ഉതകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ആഗോള കുത്തകകള്‍ക്കെതിരെ എന്നും സമരപാതയില്‍ അണിനിരക്കുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പാരയാവുമെന്നത് വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് സൈബര്‍ പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍. സൈബര്‍ പാര്‍ക്കില്‍ നിന്ന് ഒഴിപ്പിക്കുന്ന സംരംഭകര്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഊരാളുങ്കല്‍ (യുഎല്‍) സൈബര്‍ പാര്‍ക്കില്‍ ഇടം നല്‍കുമെന്നാണ് വാഗ്ദാനം.
പ്രമുഖ കമ്പനിയായ മൊബൈല്‍ ടെന്‍ എക്സില്‍ നിന്ന് ഇന്‍ക്യൂബേഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന 33 സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെയാണ് ഒഴിപ്പിക്കുന്നത്. 17 എണ്ണത്തിന് നോട്ടീസ് നല്കി. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 2018 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികളുടെ കൂട്ടായ്മയാണ് മൊബൈല്‍ ടെന്‍ എക്സ്. ഇപ്പോള്‍ 850ലേറെ പേര് ഇവിടെ തൊഴിലെടുക്കുന്നുണ്ട്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിന്ന് വാടക വാങ്ങാറില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ചെറുകിട സംരംഭകര്‍ക്ക് ഈ ഒഴിപ്പിക്കല്‍ തിരിച്ചടിയാകും. കേരളത്തില്‍ നിന്നുള്ള ഉത്പന്നാധിഷ്ഠിത ഐടി സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് ചെറുകിട സംരംഭകരെ ഇവിടെ എത്തിച്ചിരുന്നത്. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 113 കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.