
തെഹ്റാന്: ഇറാനില്‍ മുന്‍ പ്രസിഡന്റ് അക്ബര്‍ ഹാഷ്മി റഫ്സഞ്ജാനിയുടെ മകള്‍ക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ. ആക്ടിവിസ്റ്റായ ഫയ്സേഹ് ഹാഷ്മിക്കാണ് ജയില്‍ ശിക്ഷ വിധിച്ചത്. നടപടിക്ക് കാരണമായ കുറ്റങ്ങള്‍ എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭരണകൂടത്തിനെതിരായ പ്രചരണം എന്നതാണ് ഫയ്സേഹിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റമെന്നാണ് തെഹ്റാന് പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കുന്ന സൂചന.
22കാരി മഹ്സാ അമിനിയുടെ മരണത്തിനു പിന്നാലെ രാജ്യത്തലയടിച്ച പ്രതിഷേധത്തിനിടെ കലാപമുണ്ടാക്കാനുള്ള ശ്രമം ആരോപിച്ച് കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ഫയ്സേഹിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും ശിക്ഷ അന്തിമമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന് നെദ ഷംസ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
മുമ്പ്, 2012ലും ഫയ്സേഹ് ഹാഷ്മി ജയിലിലടയ്ക്കപ്പെട്ടിരുന്നു. അന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. 2009ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു അന്നത്തെ നടപടി.സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ പ്രായോഗിക നയങ്ങള്‍ക്കും പാശ്ചാത്യരാജ്യങ്ങളുമായുള്ള മെച്ചപ്പെട്ട ബന്ധത്തിനും പേരുകേട്ട മുന്‍ പ്രസിഡന്റും ഫയ്സേഹ് ഹാഷ്മിയുടെ പിതാവുമായ റഫ്സഞ്ജാനി 2017ലാണ് അന്തരിച്ചത്.അതേസമയം, മഹ്സാ അമിനിയുടെ മരണത്തില്‍ സര്‍ക്കാരിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. 1979ലെ വിപ്ലവത്തിന് ശേഷം ഇറാന് ഭരണകൂടത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ പ്രക്ഷോഭമാണ് മൂന്ന് മാസത്തിലേറെയായി തുടരുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി പേരെയാണ് ഭരണകൂടം ജയിലിലടച്ചത്.
Post Your Comments