CinemaKerala NewsLatest NewsNews

ദിലീപ് ജയിലിലായപ്പോള്‍ ധര്‍മജനും ഭാര്യയും മക്കളും നിലത്ത് പായ വിരിച്ചുറങ്ങി, കോണ്‍ഗ്രസ് ചുമക്കുമോ ധര്‍മജനെ

തിരുവനന്തപുരം: ധര്‍മജനാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസിന് വേണ്ടി നടന്‍ മത്സരിക്കുമന്നൊണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്താണ് ധര്‍മ്മജന്‍. നടി ആക്രമണക്കേസിലെ പ്രതിയായ ദിലീപിനെ ധര്‍മ്മജന്‍ അന്ന് പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു. ദിപീല് ജയിലില്‍ കടന്നപ്പോള്‍ താനും ഭാര്യയും മക്കളും നിലത്ത് പായ് വിരിച്ചാണ് കിടന്നതെന്നാണ് ഇതേക്കുറിച്ച് ധര്‍മ്മജന്‍ പിന്നീട് പറഞ്ഞത്.

ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയില്‍ പരിസരത്ത് മദ്യപിച്ചെത്തി വൈകാരികമായ രംഗങ്ങളുണ്ടാക്കിയും ധര്‍മ്മജന്‍ വാര്‍ത്തകളില്‍ ഇടംനേടി. ജാമ്യം ലഭിച്ച സന്തോഷത്തിനാണ് മദ്യപിച്ച് ദിലീപിനെ സ്വീകരിക്കാനെത്തിയതെന്ന് ധര്‍മ്മജന്‍ ഇതിനെ ന്യായീകരിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കെ കോഴിക്കോട് ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കാനുള്ള സാധ്യത തെളിയുകയാണ്. കോണ്‍ഗ്രസിനായി നേരത്തെ പ്രചാരണ രംഗത്തുണ്ടായിരുന്ന ധര്‍മ്മജന്‍ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

കോമഡി പരിപാടികളിലൂടെ പരിചിതനായ ധര്‍മ്മജന്‍ സിനിമകളിലും സജീവമാണ്. കഴിഞ്ഞദിവസങ്ങളില്‍ ബാലുശ്ശേരിയിലെ ചില പരിപാടികളില്‍ സജീവമായ ധര്‍മ്മജന്‍ ഇക്കുറി ഇവിടെ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് സംവരണമുള്ള മണ്ഡലത്തില്‍ നിലവില്‍ പുരുഷന്‍ കടലുണ്ടിയാണ് എംഎല്‍എ. ഇടതുമുന്നണി 15,000ത്തില്‍ അധികം വോട്ടുകള്‍ക്ക് മുസ്ലീം ലീഗിന്റെ യുസി രാമനെ തോല്‍പ്പിക്കുകയായിരുന്നു. സിനിമ സ്നേഹികളുടെ വോട്ടുകൂടി ഇക്കുറി ലഭിച്ചാല്‍ ധര്‍മജനെ ജയിപ്പിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മുസ്ലീം ലീഗ് ഈ സീറ്റ് കോണ്‍ഗ്രസുമായി വെച്ചുമാറും.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സിനിമാ നടനെന്നതിലുപരി ജനപിന്തുണ നേടാന്‍ ധര്‍മ്മജന് കഴിയുമോ എന്ന് കോണ്‍ഗ്രസിനകത്തുതന്നെ ആശങ്കയുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഗണേഷ് കുമാറിനെതിരെ മത്സരിച്ചപ്പോള്‍ പരാജയമായിരുന്നു ഫലം. കൊല്ലത്ത് മറ്റൊരു നടന്‍ മുകേഷ് ഇടതുമുന്നണിയുടെ പിന്തുണയോടെ ജയിക്കുകയും ചെയ്തു. ജഗദീഷിന്റെ അനുഭവമായിരിക്കും ധര്‍മ്മജനുണ്ടാവുകയെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം, ഇടതുമുന്നണിയുടെ തട്ടകത്തില്‍ അട്ടിമറി ജയത്തിനായി ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button