CinemaKerala NewsLatest NewsNewsPolitics

തിരിച്ചടിക്കുമെന്ന ഭീതി; ജോജുവുമായി ഒത്തുതീര്‍പ്പിനൊരുങ്ങി കോണ്‍ഗ്രസ്

കൊച്ചി: കള്ളപ്പരാതി നല്‍കി സിനിമ നടന്‍ ജോജു ജോര്‍ജിനെതിരെ സമരപ്രഖ്യാപനം നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി ഒത്തുതീര്‍പ്പിന്റെ നയതന്ത്രത്തിലേക്ക്. മദ്യപിച്ച് വനിത പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കിയ പരാതിയില്‍ കഴമ്പില്ല എന്ന് പോലീസ് കണ്ടെത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ അനുരഞ്ജന നീക്കം.

ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നുമാണ് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറയുന്നത്. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. എറണാകുളം എംപി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തത്.

മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഡിസിസി അധ്യക്ഷന്‍ പറഞ്ഞു.തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു.

ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. തങ്ങളുടെ പരാതി തള്ളുകയും ജോജുവിന്റെ പരാതി നിലനില്‍ക്കുകയും ചെയ്യുമെന്ന ഭീതി കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

മാത്രമല്ല ജോജുവിനെ മാളയില്‍ കാലുകുത്തിക്കില്ല എന്നുപറഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ നേരിടുമെന്ന യാഥാര്‍ഥ്യവും നേതൃത്വം മനസിലാക്കിയിട്ടുണ്ട് എന്നതും ഈ അനുരഞ്ജന നീക്കത്തിന് പിന്നിലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button