ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെ ചോദ്യം ചെയ്യും, പണമിടപാടുകള്‍ പരിശോധിക്കും.

അമ്മയുടെ കരൾമാറ്റ ചികിത്സയ്ക്ക് ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിൽ ഉൾപ്പെടെ നാലുപേരെ പൊലീസ് ചോദ്യംചെയ്യും. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യംചെയ്യുക. ഫിറോസ് കുന്നംപറമ്പിലും സാജന്‍ കേച്ചേരിയുമടക്കം ആരോപണം ഉയര്‍ന്ന മുഴുവന്‍ ആളുകളുടെയും പണമിടപാടുകള്‍ പരിശോധിക്കും. ഇവർക്കെതിരെ ചേരാനല്ലൂർ പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനാണ് കേസ്. ചികിത്സാ സഹായത്തിനായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന വര്‍ഷയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. അതേസമയം, കള്ളപ്പണം വെളുപ്പിക്കലാണ് ഇടപാടുകൾക്ക് പിന്നിലെന്നതും, കുഴൽപ്പണ മാഫിയയുടെ ബന്ധവും പോലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഫിറോസ് കുന്നംപറമ്പിലും സാജന്‍ കേച്ചേരിയുമടക്കം ആരോപണം ഉയര്‍ന്ന മുഴുവന്‍ ആളുകളുടെയും പണമിടപാടുകള്‍ പോലീസ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
സാജൻ കേച്ചേരി ഫോണിൽ വിളിച്ചശേഷം ഫിറോസും പണം ആവശ്യപ്പെട്ട് വിളിച്ചതായി പെൺകുട്ടിയുടെ മൊഴിയിലുണ്ട്. അതിനുള്ള തെളിവുണ്ട്. ഈ സാഹചര്യത്തിൽ ഫിറോസും സാജനും തമ്മിലുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടിയുടെയും അമ്മയുടെയും അക്കൗണ്ടുകളിലായി ഒരുകോടി 35 ലക്ഷം രൂപ എത്തിയിരുന്നു. ആവശ്യത്തിന് പണം എത്തിയപ്പോൾ തന്നെ ഇനി അയക്കേണ്ടന്ന് സോഷ്യൽമീഡിയിലൂടെ പെൺകുട്ടി അറിയിച്ചിരുന്നു. എന്നാൽ വീണ്ടും പണം എത്തിയതോടെ ഇരുവരും അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇത്രയധികം പണംവന്ന സാഹചര്യത്തിൽ കേസിൽ ഹവാല ഇടപെടലുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. ഇതുവരെ അത്തരം സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ചുമതലയുള്ള എസ്ഐ ലിജോ ജോസഫ് പറഞ്ഞത്. നടന്നത് ഹവാല ഇടപാട് അല്ല. കാരണം വര്‍ഷയുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം വന്നിരിക്കുന്നത്. മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ്. ആരാണ് കാശിട്ടതെന്ന് കണ്ടെത്താന്‍ കഴിയും. ബാങ്ക് വഴിയല്ലാത്ത ഇടപാടുകളെയാണ് ഹവാല ഇടപാടുകള്‍ എന്ന് പറയുക എന്നും വിജയ് സാഖറെ പറഞ്ഞു.
ജൂൺ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് വർഷ ഫെയ്സ്ബുക്കിൽ ലൈവിൽ എത്തുന്നത്. വർഷയ്‌ക്ക് സഹായവുമായി തൃശ്ശൂർ സ്വദേശി സാജൻ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോൾ ജോയിന്റ് അക്കൗണ്ട് വേണമെന്ന് വർഷയോട് സന്നദ്ധപ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പെൺകുട്ടി സമ്മതിക്കാതെയായതോടെ നിരന്തരം ഭീഷണി മുഴക്കി. പിന്നീട് ചികിത്സാ സഹായത്തിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ പെൺകുട്ടിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നു.
ഇതിനിടെ, ചികിത്സയ്ക്കായി സാമൂഹ്യമാധ്യമങ്ങള്‍ വഴി അഭ്യര്‍ത്ഥിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് പിന്നില്‍ ഹവാല ഇടപാടെന്ന് സംശയിക്കുന്നതായി ഡി.സി.പി ജി. പൂങ്കുഴലി ഐ.പി.എസ് പറഞ്ഞിരുന്നു. ഒരു കോടി രൂപയിലധികമാണ് വര്‍ഷ എന്ന പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. ചികിത്സയ്ക്കുള്ള പണം തികഞ്ഞെന്ന് പറഞ്ഞിട്ടും വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തുകയായിരുന്നു. ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നതെന്ന് ഡി.സി.പി പറയുകയുണ്ടായി.