വിഷം ചേർത്ത മീൻ പരക്കെ വിൽപ്പനയ്ക്ക്.പരിശോധന പേരിന്.
KeralaLife StyleHealth

വിഷം ചേർത്ത മീൻ പരക്കെ വിൽപ്പനയ്ക്ക്.പരിശോധന പേരിന്.

മീൻ വിൽപ്പനക്കാർ ലൈസൻസെടുക്കുന്നില്ല. പച്ചക്കറി പരിശോധനയിലെ ശുഷ്കാന്തി മീൻ പരിശോധനയിലില്ല.

രഞ്ജിത്ബാബു

കണ്ണൂര്‍: കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും മത്സ്യം കഴിക്കുന്നവരാണ്. എന്നാല്‍ വിഷ രഹിത മത്സ്യം എന്നതിന് ഇതുവരെ പ്രാധാന്യം ലഭിച്ചിട്ടില്ല. ശുദ്ധമായ മത്സ്യം ഉപഭോക്താക്കളുടെ അവകാശമാണ്. മത്സ്യ ബന്ധനത്തിനുശേഷം വിപണനത്തില്‍ തുടങ്ങി രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് തടയേണ്ടിയിരിക്കുന്നു. മത്സ്യ വില്പനക്ക് ലൈസന്‍സ് വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അത് ബാധകമാകാതെ വില്പന തകൃതിയായി നടക്കുന്നു. ദിവസം 3,335 രൂപയുടെ വിറ്റ് വരവുളള ഒരു മത്സ്യ വില്പനക്കാരന്‍ വര്‍ഷം 2,000 രൂപയുടെ ലൈസന്‍സ് എടുത്തരിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ജില്ലാതല അസി: കമ്മീഷണറാണ് ലൈസന്‍സ് നല്‍കേണ്ടത്. കുറഞ്ഞ മത്സ്യ വില്പന നടത്തുന്നവര്‍ അതാത് പ്രാദേശിക കേന്ദ്രത്തിലുള്ള വകുപ്പ് ഓഫീസില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കണം. ഇതിന് 100 രൂപയാണ് ലൈസന്‍സ് ഫീസ്. എന്നാല്‍ മത്സ്യ മേഖലയിലെ സംഘടനകള്‍ ലൈസന്‍സ് എടുക്കുന്നത് വിലക്കുകയാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ ഇടപെടല്‍ മത്സ്യ മേഖലയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.                                 

 ഫോര്‍മാലിനും ക്ലോറിന്‍ ഡൈഓക്‌സൈഡും ചേര്‍ത്ത മത്സ്യങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി എത്തുന്നു. മത്സ്യം കേടുവരാതെ സൂക്ഷിക്കാന്‍ ഐസിനൊപ്പം ചേര്‍ത്താണ് ഇവ ഉപയോഗിക്കുന്നത്. മത്സ്യം ചീയുന്ന മണം ഒഴിവാക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നതെങ്കില്‍ മത്സ്യത്തിന് നല്ല തിളക്കമുണ്ടാക്കാനാണ് ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ക്കുന്നത്. നാടന്‍ മീന്‍ എന്ന പേരിലും ഉടന്‍ പിടിച്ച മീനെന്നും പറഞ്ഞ് നല്ല വിലക്ക് ഇവ വിറ്റഴിക്കാന്‍ സാധിക്കുന്നു.

മീനിന്റെ തിളക്കത്തില്‍ മയങ്ങുന്ന ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നത് സാധാരണമാണ്. എന്നാല്‍ മത്സ്യ വ്യാപാരികള്‍ കയറ്റുമതി ചെയ്യുന്ന മത്സ്യത്തില്‍ ഇത്തരം രാസ പദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാറില്ല. വിദേശികള്‍ക്ക് ശുദ്ധമായ കേരളമത്സ്യം നല്കുമ്പോള്‍ വിഷം മുഴുവന്‍ തീറ്റിക്കുന്നത് സ്വന്തക്കാരെ തന്നെ.  കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മത്സ്യങ്ങളില്‍ വ്യാപകമായ നിലയില്‍ തന്നെ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മത്സ്യ വിപണന മേഖലയില്‍ ഉള്ളവര്‍തന്നെ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഐസ് അല്ലാതെ മറ്റൊന്നും ചേര്‍ക്കാന്‍ അനുവദിച്ചിട്ടില്ല.

ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത് മത്സ്യം വിപണനം നടത്താന്‍ അനുമതി തേടി മീൻ വിൽപ്പനക്കാർ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ചേര്‍ത്ത മത്സ്യങ്ങളാണ് വരുന്നതെന്നും അവിടെ നിയമ പ്രകാരം ഉപയോഗിക്കാമെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍ കേരളത്തില്‍ ഇതിന് അനുമതി നല്‍കാതെ ബന്ധപ്പെട്ട വകുപ്പ് ഉറച്ചു നിന്നെങ്കിലും അന്യ സംസ്ഥാന മത്സ്യങ്ങള്‍  വഴി കേരളീയരില്‍ വിഷമത്സ്യം കഴിക്കുന്ന അവസ്ഥയാണ്. 

നേരത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില ജില്ലകളില്‍ മത്സ്യങ്ങളുടെ സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. എന്നാല്‍ ലാബില്‍ നിന്നും ലഭിച്ച പരിശോധനാ ഫലം കാര്യക്ഷമമായിരുന്നില്ല. അത്രമാത്രം സംവിധാനം മാത്രമേ ലാബുകളിലുള്ളൂ എന്നാണ് അറിയുന്നത്. ഫോര്‍മാലിന്‍ ചെറിയ തോതില്‍ പോലും അകത്ത് കടന്നാല്‍ ഉദരരോഗമായിരിക്കും ഫലം. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും സാധ്യത ഏറെയാണ്. ക്ലോറിന്‍ ഡൈഓക്‌സൈഡ് ശ്വസിക്കുന്നതും ചര്‍മ്മത്തില്‍ തട്ടുന്നതുമൊക്കെ ദോഷം ചെയ്യും. അകത്തു ചെന്നാല്‍ ഇതും കാന്‍സറിനു കാരണമാകും. ശ്വാസകോശ രോഗങ്ങളും ക്ഷണിച്ചു വരുത്തും. എങ്കിലും പച്ചക്കറിയുടെ കാര്യത്തിലുളള കാര്യക്ഷമത മത്സ്യ വിഷയത്തില്‍ അധികൃതര്‍ കാട്ടുന്നില്ല. പച്ചക്കറി പോലെതന്നെ ഗൗരവമേറിയതാണ് മത്സ്യ വിഭവങ്ങളും. 

ReplyReply allForward

Related Articles

Post Your Comments

Back to top button