അണികള്‍ ജാമ്യം കിട്ടാതെ ജയിലില്‍, നേതാക്കള്‍ ആഹ്ലാദത്തിമര്‍പ്പില്‍ ഖത്തറിലും: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍
NewsKeralaPolitics

അണികള്‍ ജാമ്യം കിട്ടാതെ ജയിലില്‍, നേതാക്കള്‍ ആഹ്ലാദത്തിമര്‍പ്പില്‍ ഖത്തറിലും: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസിനുള്ളി പ്രതിഷേധം മറനീക്കി പുറത്തേക്ക്. ഷോ പൊളിറ്റിക്‌സും സെലിബ്രിറ്റി പൊളിറ്റിക്‌സും കൊണ്ടു നടക്കുന്നവരും സമയമില്ലാത്തവരുമായ നേതാക്കളെ തങ്ങള്‍ക്ക് വേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ പ്രവര്‍ത്തര്‍ ജാമ്യമില്ലാതെ അഴിക്കുള്ളില്‍ കഴിയുമ്പോഴാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയതെന്ന വിമര്‍ശനം അനുദിനം ശക്തിപ്രാപിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സമരത്തിന്റെ പേരില്‍ അറസ്റ്റിലായ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം ലഭിച്ചത്.

ഇതിനുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കിടയിലെ അമര്‍ഷം മറനീക്കി പുറത്തു വന്നിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ 17ന് ഷാഫി പറമ്പില്‍ തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ സമരം ഉദ്ഘാടനം ചെയ്ത ദിവസം മൂന്ന് പ്രവര്‍ത്തകര്‍ പൂജപ്പുര ജയിലിലായിരുന്നു.

അവരെ ഒന്ന് കാണുവാനോ ആശ്വസിപ്പിക്കുവാനോ അവരുടെ കുടുംബത്തിന് ആശ്വാസം പകരുവാനോ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ തയ്യാറായിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിനിടയില്‍ ഷാഫി പറമ്പിലിന്റെ വിശ്വസ്തനും തിരുവനന്തപുരം ജില്ല പ്രസിഡന്റുമായ സുധീര്‍ഷ പാലോടിന് പരിക്ക് പറ്റി. ഷജീര്‍ നേമം ഉള്‍പ്പെടെയുള്ള 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാകുകയും ചെയ്തു.

എന്നാല്‍ ഇവരെ കാണാനോ ആശ്വസിപ്പിക്കാനോ നില്‍ക്കാതെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും വേള്‍ഡ് കപ്പ് കാണാന്‍ അവര്‍ ഖത്തറിലേക്ക് പോയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഷാഫിക്കും രാഹുലിനും വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. അതിനാല്‍ വി.ഡി. സതീശന് എതിരായി കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ വലിയൊരു വിഭാഗം ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

കോട്ടയത്ത് ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് സതീശന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങള്‍ ഒഴിവാക്കിയിരുന്നു. അത് നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ചാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Post Your Comments

Back to top button