സത്യേന്ദര്‍ ജെയിനിന് ജയിലില്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം; വീഡിയോ പുറത്ത്
NewsNationalPolitics

സത്യേന്ദര്‍ ജെയിനിന് ജയിലില്‍ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ അടുത്ത വീഡിയോ പുറത്ത്. കള്ളപ്പണക്കേസില്‍ കുടുങ്ങി തിഹാര്‍ ജയിലില്‍ കഴിയുന്ന മന്ത്രി ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം ജയിലിനുള്ളില്‍ കഴിക്കുന്നതിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സത്യേന്ദര്‍ ജെയിനിന് ജയിലില്‍ വിവിഐപി പരിഗണന ലഭിക്കുന്നു എന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്ന വിധത്തിലുള്ളതാണ് വീഡിയോ.

അടുത്തിടെ ജയില്‍ അധികൃതര്‍ തനിക്ക് ശരിയായ ഭക്ഷണം നല്‍കുന്നില്ലെന്ന് ആരോപിച്ച് സത്യേന്ദര്‍ ജെയിന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മന്ത്രി ഹോട്ടലില്‍ നിന്നുള്ള സുഭിക്ഷമായ ഭക്ഷണം കഴിക്കുന്ന വീഡിയോ മന്ത്രിയുടെ വാദത്തിനെതിരാണ്. ജയിലില്‍ ഭക്ഷണം ലഭിക്കാത്തത് മൂലം തന്റെ ശരീരഭാരം 28 കിലോ കുറഞ്ഞെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ജയിലില്‍ എത്തിയതിന് ശേഷം മന്ത്രിയുടെ ശരീരഭാരം എട്ട് കിലോ വര്‍ധിച്ചിരിക്കുകയാണ് എന്നാണ് ജയലിധികൃതര്‍ പറയുന്നത്.

നേരത്തേ മന്ത്രിക്ക് ജയിലില്‍ മസാജ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും ഡോക്ടറുടെ ഉപദേശപ്രകാരം ഫിസിയോതെറാപ്പി നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. നട്ടെല്ലിന് ക്ഷതമേറ്റ ജെയിന്‍ ഫിസിയോതെറാപ്പിക്ക് വിധേയനാവുകയാണെന്ന് പറഞ്ഞ് മനീഷ് സിസോദിയയും ജെയിനിനെ പ്രതിരോധിച്ചു.

എന്നാല്‍ ജെയിനിനെ മസാജ് ചെയ്തയാള്‍ ഫിസിയോതെറാപ്പിസ്റ്റല്ലെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയാണെന്നുമാണ് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇതോടെ ആം ആദ്മി പാര്‍ട്ടിയുടെ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു.

ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയിലില്‍ നിന്നും പുറത്തുവന്ന വീഡിയോകള്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്. ഏതുവിധേനയും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാനൊരുങ്ങുന്ന ആം ആദ്മിയുടെ വിജയസാധ്യതകളെ ഈ വീഡിയോ ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments

Back to top button