
മാഡ്രിഡ്: വംശീയാധിക്ഷേപത്തില്‍ റലയിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാര്‍ഢ്യവുമായി ഫുട്ബോള്‍ ലോകം. ഇന്നലെ റായോ വാലെക്കാനോയ്ക്കെതിരെ റയല്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് സഹതാരത്തിന് ഐക്യദാര്‍ഢ്യ പ്രഖ്യാപനവുമായി. ആരാധകരും താരത്തിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു. മത്സരത്തിനുമുന്‍പ് റയല്‍ താരങ്ങള്‍ വിനീഷ്യസിന്റെ ‘നമ്പര്‍ 20’ ടി ഷര്‍ട്ട് ഗ്രൗണ്ടില്‍ അണിനിരക്കുകയായിരുന്നു. ‘വംശീയവാദികള്‍ ഫുട്ബോളിനു പുറത്ത്’ എന്ന് എഴുതിയ ലാ ലിഗയുടെ ഔദ്യോഗിക പ്ലക്കാര്‍ഡിനു പിറകെയാണ് താരങ്ങള്‍ നിരന്നത്. പാന്റും ഓവര്‍കോട്ടും ഷൂവും ധരിച്ച് കാഷ്വല്‍ ലുക്കില്‍ വിനീഷ്യസും താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലുണ്ടായിരുന്നു.
ആരാധകരില്‍ പലരും താരത്തിന്റെ ജേഴ്സിയണിഞ്ഞാണ് കളി കാണാനെത്തിയത്. ഇതോടൊപ്പം വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് ഗാലറിയില്‍ കൂറ്റന്‍ ബാനറുകളും ഉയര്‍ന്നു. ‘ഞങ്ങളെല്ലാം വിനീഷ്യസ് ആണ്, നടന്നത് നടന്നു, ഇനിയില്ല’ എന്ന് ഒരു ബാനറില്‍ പറയുന്നു. റയല്‍, വലെകാനോ ക്യാപ്റ്റന്മാര്‍ വംശീയതയ്ക്കെതിരായ സന്ദേശങ്ങളടങ്ങിയ ആം ബാന്‍ഡ് ധരിച്ചാണ് കളത്തിലിറങ്ങിയത്.

Post Your Comments