ചൈനയിൽ നാല് കോവിഡ് വാക്‌സിനുകൾ തയ്യാറാവുന്നു.

അടുത്ത വർഷം ആദ്യത്തോടെ കൊവിഡിനെതിരായ വാക്സിൻ ലോകമെമ്പാടും വിതരണം ചെയ്യാനാവുമെന്ന് ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെളിപ്പെടുത്തൽ. യുഎസിലും വാക്സിൻ വിതരണത്തിന് കമ്പനി തയാറാണെന്നും സിനോവാക് സിഇഒ യിൻ വെയ്ഡോങ്ങാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിൽ നാലു കമ്പനികളാണ് വാക്സിൻ പരീക്ഷണത്തിൽ മുന്നേറുന്നത്. ഇതിൽ പ്രമുഖമാണ് സിനോവാക്. ഇതിനു പുറമേ സർക്കാർ ഉടമസ്ഥതയിലുള്ള സിനോഫാം രണ്ടു വാക്സിനുകൾ വികസിപ്പിക്കുന്നുണ്ട്. സൈനിക പിന്തുണയുള്ള സ്വകാര്യ സ്ഥാപനം കാൻ സിനോയും ഒരു വാക്സിന്‍റെ പരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. എല്ലാം തന്നെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.
ഇന്തോനേഷ്യ,ബ്രസീൽ, തുർക്കി, എന്നിവിടങ്ങളിലായി 24,000ൽ ഏറെ പേർ തങ്ങളുടെ വാക്സിൻ പരീക്ഷണങ്ങളിൽ പങ്കാളികളാണെന്ന് യിൻ വെയ്ഡോങ് അവകാശപ്പെടുന്നു. ബംഗ്ലാദേശിലും ചിലിയിലും അഡീഷനൽ ട്രയലുകൾ നടത്തുന്നുണ്ട്. വലിയ തോതിൽ രോഗബാധയുള്ളതും ജനസംഖ്യയുള്ളതും ഗവേഷണ പ്രവർത്തനങ്ങൾ നടക്കാത്തതുമായ രാജ്യങ്ങളാണ് തങ്ങൾ പരീക്ഷണത്തിനു തെരഞ്ഞെടുത്തതെന്നും സിനോവാക് സിഇഒ പറഞ്ഞിട്ടുണ്ട്. ബിജീങ്ങിനു തെക്കുള്ള സിനോവാക് പ്ലാന്‍റിൽ വലിയ തോതിൽ വാക്സിൻ നിർമിച്ചുവരികയാണ്. അന്തിമ പരീക്ഷണം വിജയിച്ചാൽ അതു ജനങ്ങൾക്കു വിതരണം ചെയ്യാൻ ഉടൻ ലഭ്യമാക്കും. ഫെബ്രുവരി – മാർച്ചോടെ ലക്ഷക്കണക്കിനു ഡോസ് വാക്സിൻ തയാറാകുമെന്നാണ് യിൻ വെയ്ഡോങ് അവകാശപ്പെടുന്നുണ്ട്.
കുട്ടികളിലും പ്രായമായവരിലും ചെറിയ ഡോസിലുള്ള വാക്സിനും പരീക്ഷിക്കുന്നുണ്ടെന്ന് യിൻ പറഞ്ഞു. ചൈനയിലാണ് ഈ പരീക്ഷണം നടക്കുന്നത്. കൊവിഡ് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ അവസാനിച്ചിട്ടില്ലെങ്കിലും ചൈനയിൽ ആയിരക്കണക്കിനാളുകൾക്ക് സിനോവാക്കിന്‍റെ വാക്സിൻ നൽകിക്കഴിഞ്ഞു. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള വ്യവസ്ഥ അനുസരിച്ചാണിത്. മാസങ്ങൾക്കു മുൻപ് ആദ്യ ഡോസ് എടുത്തവരിൽ ഒരാൾ താൻ തന്നെയാണെന്ന് യിൻ കമ്പനി സി ഇ ഓ പറയുന്നു. രണ്ടാം ഘട്ടം പരീക്ഷണം കഴിഞ്ഞപ്പോഴായിരുന്നു ഇത്. യാതൊരു പാർശ്വഫലവും വാക്സിന് ഇല്ലെന്നും അദ്ദേഹം. കമ്പനിയുടെ 90 ശതമാനത്തിലേറെ ജീവനക്കാരും വാക്സിൻ എടുത്തു. ബീജിങ്ങിൽ നിരവധിയാളുകൾ വാക്സിൻ ഉപയോഗിച്ചിട്ടുണ്ട്.