കുരുക്കിൽ നിന്ന് കുരുക്കിലേക്ക്, ബിനീഷ് കൊടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു.

ബെംഗളൂരു/ ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി അധികൃതർ അറസ്റ്റു് ചെയ്തത്.ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി എൻസിബി ഓഫിസിലേക്ക് കൊണ്ടുപോയി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷ് കോടിയേരി നിലവിൽ അറസ്റ്റിലായത്.കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് എൻസിബി പ്രസ്തുത കേസ് രജിസ്റ്റർ ചെയ്തത്. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും. നിലവിൽ ഈ മാസം 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടൽ തുടങ്ങാൻ പണം നൽകിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിർണായകമായി. തുടർന്ന് താൻ ബെനാമി മാത്രമാണെന്ന് അനൂപ് മൊഴി നൽകിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി അറസ്റ്റ്ചെയ്തു. അതേസമയം, ഈ പണം ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എൻസിബി അന്വേഷിക്കുക.