പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും മരണം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, ആരോപണം തള്ളി ആശുപത്രി
NewsKerala

പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും മരണം; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍, ആരോപണം തള്ളി ആശുപത്രി

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും മരണം. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശി കാര്‍ത്തികയാണ് ശസ്ത്രക്രിയക്കിടെ മരിച്ചത്. അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിക്കുകയായിരുന്നു. കാലിനു സ്വാധീനക്കുറവുള്ള കാര്‍ത്തിക ഫെബ്രുവരി മുതലാണ് തങ്കം ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് കാല്‍ സാധാരണ നിലയിലാക്കാനുള്ള ചികിത്സയുടെ ഭാഗമായി രണ്ടു ശസ്ത്രക്രിയകള്‍ നിശ്ചയിച്ചു. ഇന്നലെയായിരുന്നു ആദ്യ ശസ്ത്രക്രിയ നടക്കേണ്ടിയിരുന്നത്. തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചു.

പിന്നീട് ഒന്‍പത് മണിയോടെ മരിച്ചുവെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയ രീതിയിലുണ്ടായ പാളിച്ചയാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയ്ക്കുവേണ്ടി അനസ്‌തേഷ്യ നല്‍കിയ സമയത്ത് രോഗിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമായതെന്ന് വിശദീകരിച്ചു.

ശ്വാസതടസവും തുടര്‍ന്ന് ഹൃദയാഘാതവുമുണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞദിവസം പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും ഇതേ ആശുപത്രിയില്‍ മരിച്ചിരുന്നു. ഈ സംഭവത്തിലും ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളെത്തി. പ്രതിഷേധത്തിന് പിന്നാലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

Related Articles

Post Your Comments

Back to top button