കൊച്ചിയില്‍ ഓടുന്ന കാറിനുള്ളില്‍ കൂട്ടബലാത്സംഗം: നാല് പേര്‍ അറസ്റ്റില്‍
KeralaNewsCrime

കൊച്ചിയില്‍ ഓടുന്ന കാറിനുള്ളില്‍ കൂട്ടബലാത്സംഗം: നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി നഗരത്തെ പരിഭ്രാന്തിയിലാക്കി ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം. കാസര്‍ഗോഡ് സ്വദേശിനിയായ മോഡലിനെയാണ് മൂന്ന് യുവാക്കള്‍ ഓടുന്ന കാറിനുള്ളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശിനിയായ ഒരു സ്ത്രീയെയും കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മോഡലിനെ കയറ്റിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയെ നടുക്കിയ നടുറോഡിലെ അതിക്രമം അരങ്ങേറിയത്. രാജസ്ഥാന്‍ സ്വദേശിനിയായ മോഡലിനൊപ്പം രവിപുരം അറ്റ്‌ലാന്റിസ് ജംക്ഷനിലെ ബാറിലെത്തിയ യുവതി രാത്രി പത്തരയോടെ മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ താമസസ്ഥലത്തെത്തിക്കാമെന്നുപറഞ്ഞ് യുവാക്കള്‍ കാറില്‍ കയറ്റി. മോഡലിന്റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി കാറില്‍ കയറിയതുമില്ല.

തുടര്‍ന്ന് രണ്ട് മണിക്കൂറോളം കൊച്ചിയിലെ വിവിധ റോഡുകളിലൂടെ കറങ്ങി യുവാക്കള്‍ മോഡലിനെ മാറി മാറി ബലാത്സംഗം ചെയ്തതിന് ശേഷം കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ടു. ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടി കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മോഡലിന്റെ ഒരു സുഹൃത്താണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസിലാണ് പീഡനം സംബന്ധിച്ച പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരാതിയില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്‍ഫോപാര്‍ക്ക് പോലീസ് സംഭവം നടന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയായ എറണാകുളം സൗത്തിലേക്ക് കൈമാറി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്. ഇന്നലെ രാവിലെയാണ് പോലീസിന് പരാതി നല്‍കിയത്. യുവതിയും യുവാക്കളും പോയ ബാറിലെത്തിയ പൊലീസ് യുവാക്കള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചതില്‍ ഇവര്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തു. വൈകാതെ യുവതിയെ പീഡിപ്പിച്ചത് കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണെന്ന് കണ്ടെത്തി. യുവതി ബോധരഹിതയായ ശേഷം കാറില്‍ കയറ്റിയപ്പോള്‍ സുഹൃത്തായ സ്ത്രീ മനഃപൂര്‍വം ഒഴിഞ്ഞു മാറിയതാണ് എന്നാണ് പോലീസ് നല്‍കുന്ന സൂചന. നിലവില്‍ മൂന്ന് യുവാക്കളും ഈ സ്ത്രീയും മാത്രമാണ് പ്രതികളെന്ന നിഗമനത്തിലാണ് പോലീസ്.

Related Articles

Post Your Comments

Back to top button