വിദ്യാര്‍ഥിനിയെ വേദിയില്‍ അപമാനിച്ച സംഭവം: സ്റ്റേജിലെത്താന്‍ മാനസികമായുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് സമസ്ത

കോഴിക്കോട്: വിദ്യാര്‍ഥിയെ വേദിയില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ എം ടി അബ്ദുല്ല മുസ്ലിയാരെ ന്യായീകരിച്ച് സമസ്ത. ഒരു പെണ്‍കുട്ടിയെയും അപമാനിച്ചിട്ടില്ലെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും പരാതിയില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രിക്കോയ തങ്ങള്‍ പറഞ്ഞു. പെണ്‍കുട്ടിക്കു സ്റ്റേജില്‍ കയറാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് കണ്ടപ്പോഴാണ് ഇങ്ങനെയുള്ളവരെ സ്റ്റേജില്‍ കയറ്റേണ്ടതില്ലെന്നു പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു.
മലപ്പുറത്ത് മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് അപമാനം നേരിടേണ്ടിവന്നത്. സംഭവത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആരിഫ് മുഹമ്മദ് ഖാന് ഇസ്ലാമിക നിയമങ്ങള്‍ അറിയുമോയെന്ന് അറിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ബാലാവകാശ കമ്മിഷന് കേസ് എടുത്തത് സ്വാഭാവികമാണ്.
അതിനെ അതിന്റെ വഴിക്കു നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വേദിയിലെത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര് സംഘാടകരെ ശകാരിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ രംഗത്തുവന്നു. ഇതോടെയാണു വിശദീകരണവുമായി സമസ്തയെത്തിയത്.