ഗോവ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത വിമര്‍ശനം ഉന്നയിച്ചത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
ഗോവയില്‍ അര്‍ദ്ധരാത്രിയിലും യാത്ര ചെയ്യാമെന്ന പ്രത്യേകത ഇരിക്കെ കഴിഞ്ഞ ജൂലൈ 24 നാണ് രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. ആസിഫ് ഹട്ടേലി (21), രാജേഷ് മാനേ (33), ഗജാനന്ദ് ചിന്‍ചാങ്കര്‍ (31) , നിതിന്‍ യബ്ബാല്‍ (19) എന്നിവരെ സംഭവത്തില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
അതേസമയം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സാഹചര്യവും സംഭവവും നിയമസഭയില്‍ ചോദ്യമായി ഉന്നയിച്ചപ്പോഴാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കുട്ടികള്‍ പാര്‍ട്ടിക്കായാണ് ബീച്ചിലെത്തിയത്. 10 കുട്ടികളില്‍ ആറ് പേര്‍ പാര്‍ട്ടിക്കു ശേഷം വീട്ടിലേക്ക് തിരിച്ചു പോയി. പിന്നീട് രണ്ട് പെണ്‍കുട്ടികളും അവരുടെ ആണ്‍ സുഹൃത്തുകളുമാണ് ബീച്ചിലുണ്ടായിരുന്നത്. ഒരു രാത്രി മുഴുവന്‍ അവര്‍ ബീച്ചില്‍ തുടര്‍ന്നു.
ഇതേക്കുറിച്ച് രക്ഷിതാക്കള്‍ അന്വേഷിക്കേണ്ടതായിരുന്നു എന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞത്. അവരുടെ അപകടത്തില്‍ ഞങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍, രക്ഷിതാക്കള്‍ പറഞ്ഞത് കുട്ടികള്‍ കേള്‍ക്കുന്നില്ലെങ്കില്‍ മുഴുവന്‍ ചുമതലയും പൊലീസിന് നല്‍കാനാവുമോയെന്നും പ്രമോദ് സാവന്ത് ചോദിച്ചു. മുഖ്യമന്ത്രി പെണ്‍കുട്ടികളെ ഇത്തരത്തില്‍ അവഹേളിച്ചതില്‍ പ്രതിപക്ഷമടക്കം വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.