സ്വര്‍ണക്കടത്ത് കേസ്: പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
NewsKerala

സ്വര്‍ണക്കടത്ത് കേസ്: പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണായക നീക്കങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. സ്വപ്‌നയുടെ വെളിപ്പെടുത്തലുകള്‍ അതീവഗൗരവ സ്വഭാവമുള്ളതാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. നിലവില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കുകയും ഒപ്പം ഇതുമായി ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തുകയുമാണ് ഇഡി ചെയ്യുന്നത്. തെളിവുകളെല്ലാം ശേഖരിച്ചശേഷം വീണയെ ചോദ്യം ചെയ്യാനാണ് നീക്കം. മജിസ്ട്രേറ്റിന് 164 പ്രകാരം സ്വപ്‌ന നല്‍കിയ മൊഴിയില്‍ ശക്തമായ നിലപാടുമായി നീങ്ങാനാണ് ഇ ഡിയുടെ തീരുമാനം. സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്ക് എന്‍ഐഎ തെളിവുകള്‍ കൈമാറി.

കോടതി ഉത്തരവിനെ തുടര്‍ന്നാണ് എന്‍ഐഎയുടെ പക്കലുണ്ടായിരുന്ന വാട്സാപ്പ് ചാറ്റുകളും മെയിലുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ പ്രതി പി.എസ്. സരിത്തിന്റെ മൊഴിയെടുക്കാന്‍ വീണ്ടും വിളിച്ചു വരുത്തും. സ്വര്‍ണ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കസ്റ്റംസും എന്‍ഐഎയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിരുന്നു. ഇഡിയുടെ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Related Articles

Post Your Comments

Back to top button