സ്വര്‍ണക്കടത്ത് കേസ്: ഇഡിയുടെ ഉന്നം പിണറായിയോ?
NewsKeralaPolitics

സ്വര്‍ണക്കടത്ത് കേസ്: ഇഡിയുടെ ഉന്നം പിണറായിയോ?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളില്‍ ഉന്നം വയ്ക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനെ എന്ന് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ കോണ്‍സല്‍ ജനറല്‍, മുന്‍ അറ്റാഷെ, മുന്‍ ചീഫ് അക്കൗണ്ടന്റ് എന്നിവരെ പ്രതി ചേര്‍ക്കാനുള്ള ഇഡിയുടെ തീരുമാനം വിരല്‍ ചൂണ്ടുന്നത് ഈ സംശയത്തിലേക്കാണ്.

വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ശരിയായ ദിശയില്‍ അന്വേഷിക്കുമെന്നും സത്യം പുറത്തുവരുമെന്നും പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിദേശ പൗരന്മാരെ പ്രതി ചേര്‍ക്കാന്‍ ഇഡി തീരുമാനമെടുത്തിരിക്കുന്നത്. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് വ്യക്തമായ ബോധ്യമുണ്ടെന്ന് ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. ഇക്കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിന് ബോധ്യമുണ്ട്. ഏതൊരാളായാലും നിയമത്തിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പറഞ്ഞതിലെ രാഷ്ട്രീയലാക്കാണ് ഇഡിയുടെ നടപടിക്കുള്ള പ്രചോദനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് പോവുകയാണെങ്കില്‍ മുഖ്യമന്ത്രിയും കുടുംബവും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുന്‍ മന്ത്രി കെ.ടി. ജലീലുമെല്ലാം പ്രതിസ്ഥാനത്താണ്.

കോണ്‍സുല്‍ ജനറലും അറ്റാഷെയും ഇവര്‍ക്കെതിരെ മൊഴി നല്‍കിയാല്‍ അന്വേഷണം ക്ലിഫ് ഹൗസിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ ബിജെപി വേരുറക്കാതിരിക്കാന്‍ ഇടത് പക്ഷത്തിന്റെ പ്രവര്‍ത്തനമാണ് കാരണമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവിടെ വേരുറപ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ് ബിജെപി ദേശീയ നേതൃത്വം കരുതുന്നത്. ലൈഫ് മിഷനിലെ അന്വേഷണം സിബിഐ ഏറ്റെടുത്തതും സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്.

ഇന്ന് സ്വപ്‌ന സിബിഐയ്ക്ക് നല്‍കുന്ന മൊഴികളും തെളിവുകളുമെല്ലാം കേസില്‍ വന്‍ വഴിത്തിരവാണ് സൃഷ്ടിക്കുക. ഇഡിയും സിബിഐയും തങ്ങളെ വരിഞ്ഞുമുറുക്കുമെന്ന ഭീതി സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്. പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കുന്ന മുഖ്യമന്ത്രി അല്ല, മറിച്ച് തന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ തീരുമാനമായി അവതരിപ്പിക്കുന്ന ആളാണ് പിണറായി വിജയന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ പിണറായി വിജയനെ ലക്ഷ്യമാക്കി അന്വേഷണം നീങ്ങിയാല്‍ തങ്ങളുടെ നിലനില്‍പിനെ ബാധിക്കുമെന്ന ആശങ്കയും പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.

Related Articles

Post Your Comments

Back to top button