സ്വർണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസലിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. സ്വർണ്ണക്കടത്തുമായി ഫൈസലിന് അടുത്തബന്ധമുണ്ടെന്ന കണ്ടെത്തലിന്മേലാണ് കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വർണ്ണം വിറ്റത് ഫൈസലാണെന്ന കണ്ടെത്തലിന്മേലായിരുന്നു കസ്റ്റംസിന്റെ നടപടി.
ഫൈസലിന്റെ വീട്ടിൽ റെയിഡ് നടത്തിയാണ് ഇന്നലെ കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. അവിടെ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ തുടർ നടപടികൾ. കേസിലെ മുഖ്യ പ്രതിയായ സന്ദീപ് നായരുടെയും ഭാര്യയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഫൈസലിനെതിരെ കസ്റ്റംസ് കുരുക്ക് മുറുകിയത്. സന്ദീപിനെ കാണാനായി ഫൈസൽ പല തവണ എത്തിയിട്ടുണ്ടെന്നായിരുന്നു സന്ദീപിന്റെ ഭാര്യയുടെ മൊഴി.
കൊടുവള്ളിയിൽ കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ നേരത്തെയും വാർത്തകളിലിടം നേടിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജനജാഗ്രതാ യാത്രക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിനിടെ സഞ്ചരിച്ച മിനി കൂപ്പർ കാർ ഫൈസലിന്റേതായിരുന്നു. ഇതിനെ ചൊല്ലിയാണ് വിവാദമുണ്ടായത്.സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ ഫൈസലിന്റെ മിനി കൂപ്പർ കാറിൽ കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചു എന്നതാണ് സിപിഐഎം എതിരാളികൾ ആരോപണം ഉന്നയിച്ചത്. അന്ന് മറ്റൊരു സ്വർണ്ണക്കടത്ത് കേസിൽ ഏഴാം പ്രതിയായിരുന്നു ഫൈസൽ