എൻഫോഴ്സ്മെന്റ് വിളിച്ചു; എം ശിവശങ്കർ പോയില്ല.

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹാജരായില്ല. അറസ്റ്റ് ഭയന്നാണ് ശിവശങ്കർ ഹാജരാകാതിരുന്നതെന്നാണ് വിവരം. എം ശിവശങ്കർ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് ഹാജരാകാതിരിക്കുന്നത്. 2016 മുതലുള്ള എല്ലാ വിദേശയാത്രകളുടേയും രേഖകൾ ശിവശങ്കറിനോട് എൻഫോഴ്‌സ്മെന്റ് ആവശ്യപ്പെട്ടിരുന്നതാണ്. ഇവ ഹാജരാക്കിയാൽ കുടുങ്ങുമോ എന്ന ഭയവും ഒപ്പമുണ്ട്.
കസ്റ്റംസ് ഇതിനു മുൻപ് തുടർച്ചയായി 2 ദിവസം ചോദ്യം ചെയ്ത ശേഷം ആണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാൻ വിളിച്ചത്. നേരത്തെ ശിവശങ്കറെ 2 തവണ ഇഡി ചോദ്യം ചെയ്തിരുന്നതാണ്. കസ്റ്റംസും എൻഐഎയും ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് കിട്ടിയ ശേഷം വീണ്ടും ചോദ്യം ചെയ്‌താൽ മതിയെന്നാണ് എൻഫോഴ്സ്മെന്റ് തീരുമാനിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് 2 ലക്ഷം യുഎസ് ഡോളർ കടത്തിയെന്ന സ്വപ്നയുടെ മൊഴി ഉണ്ടാവുന്നത്. പണം കടത്തുമായി ബന്ധപെട്ടു നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്യപ്പെട്ടു എന്നാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്. ഇക്കാര്യത്തിൽ ശിവശങ്കറിന് ഉള്ള പങ്കും അന്വേഷണ വിധേയമായിരിക്കെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരാകാതിരിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ സ്വപ്നയും ശിവശങ്കറും 2 തവണ ഒരുമിച്ച് വിദേശ യാത്ര നടത്തിയതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഔദ്യോഗിക യാത്രകൾക്ക് പോലും നയതന്ത്ര പാസ് പോർട്ട് ഉപയോഗിക്കാതെ സ്വകാര്യ പാസ്പോർട്ടാണ് ഉപയോഗിച്ചതെന്നും കണ്ടെത്തി. ശിവങ്കറിന്റെ യാത്രകളിൽ സർക്കാർ ഫണ്ടും ഉപയോഗിച്ചിരുന്നില്ല. ഒരുമിച്ചുള്ള യാത്രകളിൽ സ്വപ്ന അമിതമായി വിദേശ പണം കൈവശം വച്ചിരുന്നോയെന്ന് കസ്റ്റംസ് ശിവശങ്കറിനോട് നേരത്തെ ചോദിക്കുമ്പോൾ അറിയില്ലെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. തുടർന്നാണ് 2016 മുതലുള്ള വിദേശയാത്രകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെടുന്നത്. അഭിഭാഷകനെ കാണാൻ കൊച്ചിയിലെത്തിയ ശിവശങ്കർ ഇന്ന് രേഖകൾ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചിരുന്നതെങ്കിലും രേഖകൾ ഹാജരാക്കാൻ ഈ റിപ്പോർട്ട് കിട്ടും വരെ തയ്യാറായിട്ടില്ല.