കൊച്ചിയിലും തിരുവനന്തപുരത്തും ഗുണ്ടാവിളയാട്ടം
കൊച്ചി: സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ ഗുണ്ടകളുടെ വിളയാട്ടം. തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് മദ്യപസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റു. കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി മര്‍ദിച്ചു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊച്ചിയില്‍ അക്രമത്തിലേക്ക് നയിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആന്റണി ജോണ്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നാം തിയതിയാണ് സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. കടവന്ത്രയിലെ ഒരു മരണ വീട്ടില്‍ നില്‍ക്കുകയായിരുന്നു ആന്റണി ജോണ്‍. ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആന്റണി ജോണിനെ കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകകയായിരുന്നു.
തുടര്‍ന്ന് ആലുവയിലും അങ്കമാലിയിലും എത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ഇതിനിടയില്‍ വസ്ത്രങ്ങള്‍ ഊരിയെടുക്കുകയും കണ്ണിലും ജനനേന്ദ്രിയത്തിലും മുളകുപൊടി സ്പ്രേ ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്. ഫൈസല്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആന്റണി പറയുന്നു.
തിരുവനന്തപുരത്ത് കണിയാപുരത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തിയാണ് യുവാവിനെ മര്‍ദിച്ചത്. കഴിഞ്ഞദിവസം മസ്താന്‍മുക്കില്‍വച്ച് അനസ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. സുഹൃത്തിനൊപ്പം രാത്രിയില്‍ ബൈക്കിവരികയായിരുന്ന അനസിന്റെ ബൈക്ക് മദ്യപസംഘം തടഞ്ഞു. താക്കോല്‍ ഊരിമാറ്റാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായി മര്‍ദിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിയായ ഫൈസല്‍ എന്നയാളും കൂട്ടാളികളും ചേര്‍ന്നാണ് അനസിനെ മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും അനസ് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടില്ല.